വയനാട് ബത്തേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്ത വനവകുപ്പിന് കിട്ടി കോടതി വക എട്ടിൻ്റെ പണി. വനം വകുപ്പിൻ്റെ രണ്ടു വാഹനങ്ങൾ ബത്തേരി മുനിസിഫ് കോടതി പിടിച്ചെടുത്തു. 2014 ലാണ് വാകേരി സ്വദേശി രജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 

കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 6 ലക്ഷം രൂപ വനം വകുപ്പ് അന്ന് നൽകി. എന്നാൽ നഷ്ടപരിഹാരത്തുക പര്യാപ്തമല്ല എന്നു കാണിച്ച് രജീഷിന്റെ അമ്മ ഹർജി നൽകി. 2021ൽ 5 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ഇതിനെതിരെ വനം വകുപ്പ് സബ് കോടതിയിൽ പോയെങ്കിലും 2023 ൽ അപ്പീൽ തള്ളി.

നഷ്ടപരിഹാരത്തുക നൽകാത്തതിനെ തുടർന്ന് ഒക്ടോബറിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ പണം അടയ്ക്കാമെന്ന് പറഞ്ഞ് വനവകുപ്പ് രക്ഷപ്പെട്ടു.

മാസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് രണ്ട് സഫാരി ബസ്സുകൾ കോടതി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. എന്നിട്ടും വിടാതെ മുൻസിഫ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് വന വകുപ്പ്.

ENGLISH SUMMARY:

Wayanad elephant attack compensation is in the spotlight as the forest department faces legal action for non-payment. The court has seized two forest department vehicles in Wayanad's Sulthan Bathery due to the delay in providing compensation to the family of a youth killed in a wild elephant attack.