മലയോര ഹൈവേയുടെ ഭാഗമായ വയനാട്ടിലെ മേപ്പാടി– ചൂരല്‍മല റോഡിന്‍റെ നിര്‍മാണം ഇഴയുമ്പോള്‍ പൊടിതിന്ന് മടുത്ത് നാട്ടുകാര്‍. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായി നിലച്ചതോടെ പൊടിയടിച്ച് റോഡിലൂടെയുള്ള യാത്ര ദുസഹമായി.
വയനാട്ടില്‍ ഇത്രയധികം അവഗണന നേരിടുന്ന റോഡ് ഒരുപക്ഷേ ഉണ്ടാകില്ല. എട്ടുവര്‍ഷം കഴിഞ്ഞു പണി തുടങ്ങിയിട്ട്. പറഞ്ഞിട്ട് കാര്യമില്ല. പൊടിപറത്തി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിതിന്ന് യാത്ര ചെയ്യുകയല്ലാതെ രക്ഷയില്ല. മലപ്പുറവുമായി വയനാടിനെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായി വിഭാവനം ചെയ്തതാണ് ഈ പാത. വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ റോഡിന്‍റെ നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായി നിലച്ച മട്ടാണ്.
ചൂരല്‍മല ഭാഗത്ത് നിന്ന് മേപ്പാടിയിലേക്ക് ആബുംലന്‍സിന് പോലും വേഗത്തില്‍ വരാന്‍ കഴിയുന്ന സാഹചര്യമില്ല. ുരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് റോഡിനായി നാട്ടുകാര്‍ സമര രംഗത്ത് ഇറങ്ങിയിരുന്നു. ദുരന്തത്തിന്‍റെ ഭാരം പേറി ജീവിക്കുന്ന ജനതയെ വീണ്ടും ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ് അധികൃതരെന്ന് നാട്ടുകാര്‍ പറയുന്നു. ദുരിത യാത്രക്ക് വേഗം പരിഹാരം കണ്ടില്ലെങ്കില്‍ റോഡ് ഉപരോധം പോലുള്ള സമര പരിപാടികളിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.