വയനാട്ടിൽ സംഘടനാ നടപടി നേരിട്ട എ.വി.ജയൻ പാർട്ടി വിട്ടതോടെ സിപിഎം നേതൃത്വം നൽകുന്ന പൂതാടി പഞ്ചായത്ത് ഭരണം തുലാസിൽ. പഞ്ചായത്ത് അംഗമായ ജയന്‍റെ പിന്തുണയില്ലാതെ, സാങ്കേതികമായി ഭൂരിപക്ഷം നഷ്ടപ്പെട്ട എൽഡിഎഫ് ഭരണസമിതി രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

എൽഡിഎഫ് - 10, യുഡിഎഫ് - 10 എന്ന നിലയിൽ സമനില പാലിച്ച പൂതാടി പഞ്ചായത്തിൽ ഒരു യുഡിഎഫ് വോട്ട് അസാധു ആയതിനെ തുടർന്നാണ് എൽഡിഎഫ് അധികാരം പിടിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച എ.വി.ജയൻ വിഭാഗീയതയുടെ ഇരയായി സിപിഎം വിട്ടതോടെ സാങ്കേതികമായി ഒരാളുടെ പിന്തുണ എൽഡിഎഫിന് കുറഞ്ഞു. ആറ് മാസത്തിന് ശേഷം അവിശ്വാസം കൊണ്ടുവന്നാൽ ജയൻ വിട്ടുനിന്നാൽ പോലും എൽഡിഎഫിന് ഭരണം നഷ്ടമാകും.

എൽഡിഎഫിലെ പത്ത് പേരിൽ ജയനെ അനുകൂലിക്കുന്ന ആറ് പേരെ അടർത്തിയെടുത്ത് കുറുമാറ്റമെന്ന പ്രശ്നം മറികടക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. അതിനിടെ തിരഞ്ഞെടുപ്പിന് മുൻപ് ജയനെ കോൺഗ്രസിൽ എത്തിക്കാനും ചർച്ചകൾ സജീവമാണ്. സിപിഎം ജില്ലാ നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തുവന്ന ജയനെ പുറത്താക്കാൻ പാർട്ടി ഇതുവരെ തയാറായിട്ടില്ല.

ENGLISH SUMMARY:

Wayanad political crisis: The CPM-led Puthadi Panchayat administration is in turmoil following the resignation of A.V.Jayan. The Congress demands the resignation of the LDF governing body, which has technically lost its majority.