സ്ഥിരം ഫൊറന്‍സിക് സര്‍ജന്‍ ഇല്ലാത്ത വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ പ്രതിസന്ധി. മണിക്കൂറുകള്‍ വൈകിയാണ് പല പോസ്റ്റുമോര്‍ട്ടങ്ങളും നടക്കുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജില്ലയിലെ ഏറ്റവും വലിയ പോസ്റ്റുമോര്‍ട്ടം യൂണിറ്റാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേത്. പക്ഷേ ഫൊറന്‍സിക് സര്‍ജന്‍റെ തസ്തികയില്ല. വര്‍ക്ക് അറേഞ്ച്മെന്‍റില്‍ മറ്റൊരു ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് ഇവിടെ ചുമതല. അസ്വാഭാവിക മരണങ്ങളിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മണിക്കൂറുകള്‍ വൈകിയാണ് പല പോസ്റ്റുമോര്‍ട്ടങ്ങളും നടന്നത്. അതിര്‍ത്തിയായ തമിഴ്നാട് നീലഗിരിയില്‍ നിന്നടക്കം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
ഒരു മെഡിക്കല്‍ കോളജിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ ഇവിടെയുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത മാതൃശിശു ആശുപത്രിയും കാത്ത് ലാബും തന്നെ ഉദാഹരണം. എന്നാല്‍ ഇതൊന്നും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തതാണ് കാരണം. രാഷ്ട്രീയം മാറ്റിവച്ച് ഈ സംവിധാനത്തെ ജില്ലാ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടികള്‍ വേണമെന്നാണ് ആവശ്യം.