യുഡിഎഫ് തരംഗത്തിലും വയനാട്ടിൽ കരുത്തരെ വീഴ്ത്തിയ വിമതൻമാരുടെ പ്രകടനം കോൺഗ്രസിനെ ഉലച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറിന്റെ തോൽവിയും മുട്ടിൽ പഞ്ചായത്ത് കൈവിട്ടതുമെല്ലാം വിമത നീക്കങ്ങളുടെ ബാക്കിപത്രമായി.
കൽപ്പറ്റ നഗരസഭ കൈവിട്ടതൊഴിച്ചാൽ മിന്നുന്ന വിജയമാണ് വയനാട്ടിൽ യുഡിഎഫ് നേടിയത്. എന്നാൽ വിമതരുടെ വാഴ്ചയിൽ വലിയ പേരുകൾ പലതും കടപുഴകി. ജഷീർ പള്ളിവയലിനെ പിന്തിരിപ്പിക്കാൻ കാണിച്ച താത്പര്യം സംഷാദ് മരയ്ക്കാറിന് എതിരെയുള്ള വിമതൻ്റെ കാര്യത്തിൽ ഉണ്ടായില്ല. പനമരം ബ്ലോക്കിലെ പൂതാടി ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എതിരെ ബിനു ജേക്കബ് ജയിച്ചു കയറിയത് വലിയ മാർജിനിൽ
ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ കെ എസ് യു പ്രസിഡൻ്റ് ഗൗതം ഗോകുൽദാസിൻ്റെ തോൽവിക്ക് പിന്നിലും യുഡിഎഫ് വിമതൻ പിടിച്ച വോട്ടിൻ്റെ സ്വാധീനം കാണാം. മുട്ടിൽ പഞ്ചായത്ത് കൈവിടാൻ കാരണമായതും പാർട്ടിയിലെ അപസ്വരങ്ങളാണ്. ഇവിടെ ഭരണം നേടാൻ വിമതനായി ജയിച്ച യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി കെ.പി.സുഹൈലിൻ്റെ പിന്തുണ കാത്തിരിക്കുകയാണ് പാർട്ടി. വിമതരെ ഇറക്കി യുവ നേതാക്കളെ തോൽപ്പിച്ചെന്ന പൊതുവികാരമാണ് ഒരു വിഭാഗത്തിനുള്ളത്.