ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപെട്ട കുറെപ്പേർ പുനരധിവസിക്കപ്പെട്ടപ്പോൾ അതിൽപെടാതെ കടുത്ത ദുരിതത്തിൽ ഒരു കുടുംബം. അർബുദം ബാധിച്ച ഗൃഹനാഥനും, നടക്കാൻ ബുദ്ധിമുട്ടുന്ന മകളുമടങ്ങുന്ന കുടുംബം ആരോരും ശ്രദ്ധിക്കാതെ നരകയാതനയിലാണ്.  

ദുരന്തം വേട്ടയാടുന്ന ഓർമകളിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന് ഇത്രയും കാലമായിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടാതെ സർക്കാരിന്‍റെ കനിവിനുവേണ്ടി കയറിയിറങ്ങുന്ന ഒരു സമൂഹത്തിൻറെ പ്രതിനിധിയാണ് രജനി. നാലു മക്കളും അർബുദം ബാധിച്ച ഭർത്താവും അടങ്ങുന്നതാണ് കുടുംബം. സ്കൂൾ വിദ്യാർഥിനിയായ ഇളയ പെൺകുട്ടിയ്ക്ക് നടക്കാൻ പ്രശ്നമുള്ളതുകൊണ്ട് പഠനം ഉപേക്ഷിച്ചു. പക്ഷേ രോഗകാരണം കണ്ടുപിടിക്കാനായിട്ടില്ല. 

എട്ടുവർഷമായി അട്ടമലയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ ദുരന്തമുണ്ടായി രണ്ടാം ദിനത്തിലാണ് രക്ഷിക്കുന്നത്. ഇപ്പോൾ വാടക സർക്കാർ നൽകുന്നുണ്ട്. പക്ഷേ കുടുംബത്തെ പട്ടിണിയിൽനിന്ന് രക്ഷിക്കാനും ചികിത്സാചെലവുകൾക്കുമായി 22 കാരനായ മൂത്ത മകൻ ജോലിക്കു പോകുന്നു.  പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം. ആ പ്രതീക്ഷ മാത്രമാണ് ഇവരെ ജീവിതത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports on a family devastated by the Chooral mala Mundakkai disaster who remains unresettled and in severe distress. The family, including a father battling cancer and a daughter with mobility issues, endures extreme hardship unnoticed and awaits government aid.