കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുഖാമുഖം വരുന്ന വയനാട് മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇക്കുറി പോരാട്ടം ചൂടേറും. യുഡിഎഫിന്‍റെ പിന്തുണ ഇല്ലെങ്കിലും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുല്‍ദാസിന് എതിരെ ലിന്‍റോ കെ. കുര്യാക്കോസ് മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്.
മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതിന്‍റെ അതൃപ്തിയാണ് ജോസഫ് വിഭാഗം യുഡിഎഫിനെതിരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ കാരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ഗൗതം ഗോകുല്‍ദാസിന് എതിരെയാണ് മത്സരം. യുഡിഎഫിന്‍റെ എതിര്‍പ്പ് മറികടന്ന് ഒട്ടോറിക്ഷാ ചിഹ്നത്തിലാണ് ലിന്‍റോ കെ. കുര്യാക്കോസിനെ ജോസഫ് വിഭാഗം രംഗത്തിറക്കുന്നത്.
മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ പോലും ആരും വിളിച്ചില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ ലിന്‍റോ. അതേസമയം, വിവാദങ്ങള്‍ എല്ലാം തള്ളുകയാണ് ഗൗതം ഗോകുല്‍ദാസ്. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന ആത്മവിശ്വാസം കരുത്താകും. പഞ്ചായത്ത്– ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം പ്രചാരണരംഗത്ത് സജീവമാണ് കെഎസ്.യു ജില്ലാ പ്രസിഡന്‍റായ ഗൗതം.
ഇടതുമുന്നണിക്ക് സ്വാധീനമുള്ള മീനങ്ങാടിയില്‍ യുഡിഎഫിന്‍റെ ഭിന്നിപ്പ് സാമുദായിക വോട്ടുകള്‍ ചിതറാന്‍ കാരണമാകുമോ എന്ന ആശങ്ക മുന്നണിയില്‍ തന്നെയുണ്ട്. പി.ജെ.ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളെ വിളിച്ച് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആശയവിനിമയം നടത്തിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് സൂചന.