വയനാട് ചീരാലില്‍ കരടിയുടെ പരാക്രമത്തില്‍ വലഞ്ഞ് തേന്‍ കര്‍ഷകര്‍. കുടുക്കി പ്രദേശത്തെ ഒന്‍പത് തേന്‍കൂടുകളാണ് കരടി തിന്നുതീര്‍ത്തത്. തേന്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
കടുവയ്ക്കും പുലിയ്ക്കും പിന്നാലെ ചീരാലുകാര്‍ക്ക് തീരാ തലവേദനയാകുകയാണ് കരടികള്‍. കുടുക്ക കുമ്പാരക്കര കൃഷ്ണന്‍റെ വീട്ടിലെ ഒന്‍പത് തേന്‍കൂടുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കരടി ഇറങ്ങി തകര്‍ത്തത്. കുറേ തേന്‍കുടിച്ചു. ബാക്കി അലങ്കോലമാക്കി. ഏകദേശം 25 കിലോ തേന്‍ നഷ്ടമായി. ശബ്ദം കേട്ട് എത്തിയപ്പോള്‍ കരടി ഓടിമറഞ്ഞു. വനപാലകരോട് പരാതി പറഞ്ഞപ്പോള്‍ തേന്‍ ഒരു കൃഷിയായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി.
ഒന്നില്‍ കൂടുതല്‍ കരടികള്‍ ഈ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാടുമൂടിയ തോട്ടങ്ങള്‍ താവളമാക്കുന്നവെന്നാണ് നിഗമനം. മൂന്ന് മാസമായി പ്രദേശത്ത് കരടിശല്യമുണ്ട്. വീട്ടിലെ പ്ലാവില്‍ നിന്ന് കരടി ചക്കയിട്ട് തിന്നിരുന്നു. ഭാഗ്യത്തിന് ആരെയും ആക്രമിച്ചിട്ടില്ല എന്നേയുള്ളൂ. ഭീതി ഒഴിയുന്നില്ല. കൂട് വെച്ചത് കൊണ്ട് കാര്യമില്ലെന്നും മയക്കുവെടിവച്ച് കരടിയെ പിടികൂടി ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.