പുതുതായി അഞ്ച് ക്വാറികൾ കൂടി തുടങ്ങാനുള്ള നീക്കത്തിന് എതിരെ വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്. ജനവാസ മേഖലയുടെ നടുക്ക് ക്വാറികൾ ആരംഭിക്കാൻ വഴിവിട്ട രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വയനാട് ജില്ലയിലെ ഏറ്റവും ചെറിയ പഞ്ചായത്തായ വെങ്ങപ്പള്ളിയിൽ ഇപ്പോൾ തന്നെ മൂന്ന് ക്വാറികളുണ്ട്. ഇതിന് പുറമേയാണ് പുതിയ അഞ്ച് ക്വാറികൾക്കായി അണിയറ നീക്കങ്ങൾ. ചൂരിയാറ്റയിൽ രണ്ടും നീലാംകുന്നിലും കോടഞ്ചേരികുന്നിലും ഓരോ ക്വാറിയും, പഞ്ചായത്ത് കെട്ടിടത്തിന് സമീപം മറ്റൊറു ക്വാറിയുമാണ് വരാൻ പോകുന്നത്.
ജനജീവിതം വീണ്ടും ദുസഹമാക്കാൻ പോകുന്ന ക്വാറികൾക്ക് അനുമതി നൽകരുത് എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ സംഘടിച്ചത്. രാഷ്ട്രീയമായ വേർത്തിരിവ് ഇല്ലാതെയാണ് സമരം. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബിനാമി പേരിൽ ഉന്നതർ ക്വാറി അനുമതിക്ക് ശ്രമിക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.