വയനാട് പനമരത്ത് അപകട ഭീഷണി ഉയര്‍ത്തി ചെരിഞ്ഞ് നില്‍ക്കുന്നതും മരത്തില്‍ തട്ടുന്നതുമായ വൈദ്യുത പോസ്റ്റുകള്‍ മാറ്റാന്‍ നടപടി ഇല്ല. വീടുകളിലേക്ക് പോസ്റ്റുകളും ലൈനുകളും പൊട്ടിവീഴുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
ഏത് സമയത്തും മറിഞ്ഞ് വീഴാവുന്ന നിലയാണ് പലതും. ലൈനുകളാകട്ടെ താഴ്ന്നും തൊട്ടടുത്ത കമുകില്‍ ഉരഞ്ഞുമാണ് നില്‍ക്കുന്നത്. പലയിടത്തും സ്റ്റേ കമ്പികള്‍ പൊട്ടിവീണ നിലയിലാണ്. മഴയും കാറ്റും വീശിയടിക്കുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടുത്തുകാര്‍ രക്ഷപ്പെടുന്നത്. പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
റോഡ് വരുന്നതിന് മുന്‍പേയുള്ള പോസ്റ്റുകളാണിത്. ഈ പോസ്റ്റുകള്‍ വയലില്‍ നിന്ന് മാറ്റി റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാം. പരാതി പറഞ്ഞാല്‍ പനമരത്തെ കെഎസ്ഇബി ജീവനക്കാര്‍ അവഹേളിച്ച് സംസാരിക്കുന്നുവെന്നാണ് പരാതി. ഷോക്കേറ്റ് ജീവന്‍ പൊലിയുന്ന അവസ്ഥയുണ്ടായിട്ടും ഇതില്‍ നിന്ന് ഇവര്‍ പാഠംപഠിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.