വീണ്ടും കാട്ടാന ആക്രമണം ഉണ്ടായതോടെ ഭീതിയിലാണ് വയനാട് വാകേരി മൂടക്കൊല്ലി ഗ്രാമം. വനാതിർത്തിയിൽ ഫെൻസിങ്ങ് നിർമിക്കുമെന്ന വാക്ക് വെറുതെയായി. വന്യജീവി ശല്യം തടയാൻ വനം വകുപ്പും കാര്യമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ മൂടക്കൊല്ലി പ്രദേശത്തെ ആളുകൾക്ക് ഭയമാണ്. എപ്പോഴാണ് കാട്ടാന മുന്നിൽപെടുക എന്നറിയില്ല. കഴിഞ്ഞ ദിവസം വീട്ടിലേക്ക് നടന്നുപോയ അഭിലാഷ് എന്ന യുവാവ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സമീപത്തെ വീട്ടിലെ ഓട്ടോറിക്ഷ കാട്ടുകൊമ്പൻ കുത്തിമറിച്ച് തകർത്തു കളഞ്ഞു.
വാകേരി, മൂടക്കൊല്ലി, ചെമ്പുംകൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമാണ്. വാഴകൃഷി ഉൾപ്പെടെ ആന ചവിട്ടി മെതിച്ച് നശിപ്പിക്കുന്നു. ഒന്നര വർഷം മുൻപ് ഒരു ക്ഷീര കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശമാണിത്
കാട്ടാനകളെ തടയാൻ നേരത്തെ നൽകിയ ഉറപ്പുകൾ ഒന്നും നടപ്പായില്ല. ആക്രമണം ഉണ്ടായാൽ വനപാലകർ എത്താൻ പോലും മടികാണിക്കുന്നു എന്ന് ആക്ഷേപമുണ്ട്. രാത്രി പട്രോളിങ് തീരെയില്ല. ഇപ്പോൾ മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് കുങ്കിയാനയെ എത്തിച്ചിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ മാത്രം കുങ്കിയാനകളെ ഇറക്കിയുള്ള ഇടപെടലിൽ നാട്ടുകാർ തൃപ്തരല്ല.