ബിജെപി നിയന്ത്രണത്തിനുള്ള വയനാട് ബത്തേരി സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങളിൽ ഉൾപ്പെടെ ഗുരുതര ക്രമക്കേടുകൾ ആരോപിച്ച് യുഡിഎഫ്. ക്രമവിരുദ്ധമായ വായ്പകൾ അനുവദിച്ചെന്നും ബാങ്കിൽ ചട്ടവിരുദ്ധ നവീകരണം നടത്തിയെന്നും ആക്ഷേപമുണ്ട്.
സഹകരണവകുപ്പ് നിയമപ്രകാരം ബാങ്കിൽ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് രംഗത്ത് വരുന്നത്. 2019-20ൽ ബാങ്ക് കെട്ടിടം നവീകരിച്ചതിന് പൊതുപണം വിനിയോഗിച്ചത് ജോയിൻ്റ് റജിസ്റ്റാറുടെ ഉത്തരവ് ലംഘിച്ചാണ്. ജീവനക്കാരുടെ നിയമനത്തിലും വായ്പ അനുവദിച്ചതിലും ക്രമക്കേടുകൾ നടന്നു. ബി. ക്ലാസിലേക്ക് താഴ്ന്ന ബാങ്കിൽ പുനർ ക്ലാസിഫിക്കേഷൻ നടത്താതെ നടത്തിയ നിയമനങ്ങൾ ചട്ടലംഘനമാണ്. നിയമന അഴിമതിയിൽ ബി.ജെ.പി - സി.പി.എം ബന്ധം പ്രകടമാണെന്നും ആക്ഷേപമുണ്ട്.
ബാങ്കിലെ അംഗങ്ങളുടെ പരാതിയെ തുടർന്ന് ക്രമക്കേടുകൾ പരിശോധിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥന് രേഖകൾ നൽകാൻ സെക്രട്ടറി തയ്യാറായില്ല. നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണമെന്നും മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു