വയനാട്ടിൽ കറിക്കടല കൃഷി ചെയ്ത് വിജയിച്ച ഒരു കർഷകനെ പരിചയപ്പെടാം. പുൽപ്പളളിയിലെ ഷാജിയാണ് കപ്പയ്ക്ക് ഇടവിളയായി കറിക്കടല കൃഷി ഇറക്കി പുതിയ പരീക്ഷണം നടത്തുന്നത്.
പുട്ടിന് കൂടെ കഴിക്കുന്ന കടലക്കറിയില്ലേ.. അതു തന്നെയാണ് ഈ കടല. നമ്മുടെ നാട്ടിൽ അപൂർവമായി മാത്രം കണ്ടുവരുന്നതാണ് കറിക്കടലയുടെ കൃഷി. കൃഷിയുടെ മണ്ണായ പുൽപ്പള്ളിയിൽ കടലയും വിളയിച്ച് കരുത്തുകാട്ടുകയാണ് നെടുങ്കാലായിൽ ഷാജി. കപ്പയ്ക്ക് ഒപ്പം ഇടവിളയായി ഒരു കൗതുകത്തിന് നട്ടതാണ് കടല. സംഭവം കയറി ക്ലിക്കായി.
പ്രത്യേകിച്ച് വളം ചെയ്യലിൻ്റെ ആവശ്യമില്ല. കപ്പയ്ക്ക് ഒപ്പം കടലയും വളരും. ഒരു ചെടിയിൽ നിന്ന് ഏതാണ്ട് 200 ഗ്രാമിൽ കൂടുതൽ വിളവ് കിട്ടി. പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി. കൃഷി ഓഫിസർമാർ മുതൽ കുട്ടികൾ വരെ നിരവധി പേർ കടലകൃഷി കാണാൻ എത്തുന്നുണ്ട്. വിളവെടുത്ത കടല ഉണക്കിയെടുത്ത ശേഷം ഇക്കുറി സൗജന്യമായി ആവശ്യക്കാർക്ക് നൽകും. പരീക്ഷണം വിജയിച്ചതോടെ അടുത്ത തവണ വിപുലമായ കൃഷിയാണ് ഷാജി പ്ലാൻ ചെയ്യുന്നത്.