pozhuthana-elephant-attack

TOPICS COVERED

കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ട വയനാട് പൊഴുതനയില്‍ ആശങ്കയോടെ നാട്ടുകാര്‍. സമീപത്തെ സുഗന്ധഗിരിയിലും കാട്ടാന രാത്രി ഷെഡ്ഡുകള്‍ തകര്‍ത്തതോടെ വനം വകുപ്പിന്‍റെ ഇടപെടല്‍ ശക്തമാക്കണമെന്നാണ് ആവശ്യം.

കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായാണ് മൂന്ന് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. അതിന്‍റെ നടുക്കം പൊഴുതന നിവാസികള്‍ക്ക് വിട്ടുമാറിയിട്ടില്ല. മൂന്ന് ആനകളാണ് രാത്രി ടൗണില്‍ ഇറങ്ങി കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്തത്. ഓട്ടോയും ബൈക്കും ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ചവിട്ടിമെതിച്ചു. പിന്നീട് ഈ ആനകള്‍ തന്നെയാണ് പുലര്‍ച്ചെ നാലുമണിയോടെ അടുത്തുള്ള സുഗന്ധഗിരിയില്‍ എത്തി രണ്ട് ഷെഡ്ഡുകള്‍ തകര്‍ത്തതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍

കറുവങ്കോട് ആദിവാസി ഉന്നതിയില്‍ ഉള്‍പ്പടെ പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ ആന ഇറങ്ങുന്നുണ്ട്. പ്രദേശത്ത് പുലി ഇറങ്ങി തെരുവുനായ്ക്കളെ പിടികൂടുന്ന സാഹചര്യമുണ്ട്. വന്യമൃഗശല്യം രൂക്ഷമായിട്ടും രാത്രി പട്രോളിങ്ങിനോ ക്യാമറവെച്ചുള്ള നിരീക്ഷണത്തിനോ വനംവകുപ്പ് തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.

സുഗന്ധഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന തമ്പിയുടെ ഷെഡ്ഡ് വനംവകുപ്പ് സംഘം താത്കാലികമായി നിര്‍മിച്ച് നല്‍കി. പ്രദേശത്ത് ഫെന്‍സിങ് ഉള്‍പ്പെടെ സ്ഥാപിച്ച് വനംവകുപ്പിന്‍റെ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് പഞ്ചായത്ത് അധികൃതരും ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Tension grips Pozhuthana in Wayanad as students narrowly escape a wild elephant attack. With similar incidents reported in nearby Sugandhagiri, where sheds were damaged overnight, locals are urging the Forest Department to intensify its intervention.