തകര്‍ന്നുവീഴാറായ വീട്ടില്‍ വയനാട് നമ്പ്യാര്‍കുന്ന് ആദിവാസി ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിത ജീവിതം. വെള്ളവും വെളിച്ചവും ഇല്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ എങ്ങനെ ഈ മഴക്കാലം തള്ളിനീക്കുമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍. ഒരു വീടെന്ന് പറയാന്‍പോലും സാധിക്കാത്ത് കൂരയിലാണ് ഈ മനുഷ്യരുടെ താമസം.
മേല്‍ക്കൂരയുടെ പകുതി ഭാഗംപോലും ഇല്ലാത്ത ഷീറ്റിട്ട കെട്ടിടം. അതും പെളിഞ്ഞ് തൂങ്ങിയിരിക്കുന്നു. പണിയ വിഭാഗത്തില്‍ പെട്ട നമ്പ്യാര്‍കുന്നിലെ ആദിവാസി സമൂഹം താമസിക്കുന്ന നിര്‍മിതിയാണിത്. മൂന്ന് മുറികളിലായി മൂന്ന് കുടുംബങ്ങളിലെ 15 പേര്‍ തിങ്ങിഞെരുങ്ങി കഴിയുന്ന ഇടം. വയറിങ് പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഫ്യൂസ് ഊരി. വൈദ്യുതി ഉണ്ടെന്ന് പറഞ്ഞ് കിട്ടിയിരുന്ന മണ്ണെണ്ണയും മുടങ്ങി. മണ്ണ് മെഴുകിയ തറയിലെ ഇരുട്ടില്‍ ഇരുന്ന് ഇവരുടെ കുട്ടികള്‍ എങ്ങനെ പഠിക്കും?
ശുചിമുറികള്‍ പൊളിഞ്ഞ് ഉപയോഗ ശൂന്യം. പണം അടയ്ക്കുന്നില്ലെന്ന് പറഞ്ഞ് പൈപ്പ് വെള്ളവും ഇല്ല. ലൈഫ് ഭവന പദ്ധതിയിലോ പ്രധാനമന്ത്രി ആവാസ് യോജനയിലോ ഇവര്‍ക്ക് വീടില്ല. ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രത്യേക ഫണ്ട് വകയിരുത്താം. പക്ഷേ ഇവരെ ഇത്തവണയും മഴയത്ത് നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാരുകള്‍.