bathery-range-no-permanent-officer

മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുമ്പോഴും വയനാട് ബത്തേരി റേഞ്ചിനും ആര്‍ആര്‍ടി സംഘത്തിനും നാഥനില്ല. സ്ഥിരം റേഞ്ച് ഓഫിസര്‍മാര്‍ ഇല്ലാത്തത് വന്യജീവി വിഷയങ്ങളിലെ ഇടപെടലില്‍ മെല്ലെപ്പോക്കിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം.

കടുവയും പുലിയും കാട്ടാനയും നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന ബത്തേരിയില്‍ വനം വകുപ്പ് പ്രതിരോധത്തിലാണ്. നാഥനില്ലാ കളരിയാണ് ഇവിടെ. ബത്തേരി റെയിഞ്ച് ഓഫിസര്‍ സ്ഥലം മാറിപ്പോയിട്ട് ഒന്നരമാസം. റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ ചുതലയുള്ള റെയിഞ്ച് ഓഫിസര്‍ സ്ഥലം മാറി രണ്ടര മാസം പിന്നിട്ടിട്ടും പകരം നിയമനമില്ല. ബത്തേരി ടൗണില്‍ പുലി കറങ്ങി നടന്ന് നാട്ടുകാരില്‍ ഭീതി പരത്തുമ്പോഴും ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതിന്‍റെ കാരണങ്ങളിലൊന്ന് ഇതാണ്.

ആര്‍ആര്‍ടിയുടെ താത്കാലിക ചുമതല മുത്തങ്ങ റേഞ്ച് ഓഫിസറുടെ ചുമലില്‍ വച്ചുകൊടുക്കുന്നത് അവരുടെ ജോലിഭാരവും കൂട്ടുന്നു. ബത്തേരി ആര്‍ആര്‍ടി സംഘത്തെയാണ് നിലമ്പൂര്‍ കടുവ ദൗത്യത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നത്. വയനാട് പുലി ഭീതിയില്‍ കഴിയുമ്പോള്‍ ഫലത്തില്‍ ഇവിടെ വേണ്ടത്ര വനപാലകരോ നേതൃത്വമോ ഇല്ല. പുലിയെ പിടിക്കാനുള്ള കൂട് ആര് വയ്ക്കും എന്നതില്‍ വരെ തര്‍ക്കമാണ്. വയനാട് വന്യജീവി സങ്കേതത്തിന്‍റെ ചുമതലയുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡനാണോ അതോ വയനാട് സൗത്ത് ഡിഎഫ്ഒയ്ക്കാണോ ഉത്തരവാദിത്തം എന്നതിലും ഇനിയും വ്യക്തതയില്ല.

ENGLISH SUMMARY:

As human-wildlife conflicts intensify, Wayanad’s Bathery forest range and the Rapid Response Team (RRT) remain without permanent officers. The absence of a regular Range Officer is being blamed for the delayed response and inefficiency in handling wildlife-related incidents.