ബത്തേരിക്ക് പിന്നാലെ വയനാട് മുള്ളന്‍കൊല്ലിയിലെ കബനിഗിരിയിലും ഭീതി പരത്തി വീണ്ടും പുലിയുടെ സാന്നിധ്യം. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നു. കൂട് വച്ച് പുലിയെ പിടിക്കണമെന്നാണ് ആവശ്യം.
കബനി പുഴയോട് ചേര്‍ന്ന് മുള്ളന്‍കൊല്ലിയില്‍ നാലു ദിവസമായി പുലിയുടെ സാന്നിധ്യമുണ്ട്. ഇന്നലെ പ്രദേശത്ത് വളര്‍ത്തുനായയെ ആക്രമിച്ചിരുന്നു. ഈ വീട്ടിലെ മതിലിന് മുകളില്‍ കയറി ഇരിക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി പുലി ആടുകളെ ആക്രമിച്ചത്. പനച്ചിമറ്റത്തില്‍ ജോയിയുടെ വീടിനോട് ചേര്‍ന്ന ആട്ടിന്‍കൂട്ടിലെ ഒരാടിനെ കടിച്ചുകൊന്നു. മറ്റൊന്നിനെ പരുക്കേല്‍പ്പിച്ചു.
വനം വകുപ്പ് പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രണ്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. നേരത്തെ പുലി പശുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന നാഗര്‍ഹോള കടുവ സങ്കേതത്തില്‍ നിന്നാണ് പുലി ഇറങ്ങുന്നതെന്നാണ് സൂചന. ജനങ്ങളുടെ ഭീതി അകറ്റാന്‍ എത്രയും വേഗം കൂട് വച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.