വയനാട് പുല്‍പ്പള്ളി നിവാസികളുടെ ഏറെകാലമായുള്ള സ്വപ്നമായ നിര്‍ദിഷ്ട കൊളവള്ളി ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. ഡിടിപിസി മുന്‍കൈയെടുത്ത് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുന്ദരമാണ് കൊളവള്ളി ഗ്രാമത്തിലെ കാഴ്ചകള്‍. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വനം അതിരിടുന്ന മേഖല.സഞ്ചാരികള്‍ക്ക് ഇവിടെ എത്തണമെങ്കില്‍ പക്ഷേ സൗകര്യങ്ങള്‍ വേണം. ഇവിടെ ഒരു ടൂറിസം പാര്‍ക്കെന്ന സ്വപ്ന പദ്ധതിക്ക് പത്തുവര്‍ഷത്തിലധികം പഴക്കമുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിന്‍റെ 35 ഏക്കര്‍ സ്ഥലം ഇതിന് അനുയോജ്യമാണ്. പ്രദേശത്തെ ഗോത്ര വിഭാഗങ്ങളെ ഉള്‍പ്പെത്തി പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയാണ് ഡിടിപിസി വിഭാവനം ചെയ്തത്. കൊട്ടവഞ്ചി സവാരി, മീന്‍പിടുത്തം, പക്ഷി നിരീക്ഷണ കേന്ദ്രം അങ്ങനെ പലതും. പക്ഷേ ഒന്നും മുന്നോട്ട് പോയില്ല.
നല്ലൊരു റോഡുപോലും ഈ പ്രദേശത്തേക്ക് ഇല്ലെന്നതാണ് വലിയ പോരായ്മ. പദ്ധതിക്ക് വനം വകുപ്പും സഹകരിക്കാന്‍ തയാറാണ്. ജില്ലയുടെ ടൂറിസം മാപ്പിന് തിളക്കം നല്‍കുന്ന പദ്ധതിക്ക് ഫണ്ട് വകയിരുത്താന്‍ ടൂറിസം വകുപ്പ് മുന്‍ കൈയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മറ്റ് ഏജന്‍സികളുടെ സഹായത്തോടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് ജീവന്‍നല്‍കണമെന്നും നാട്ടുകാര്‍ കൂട്ടായി ആവശ്യപ്പെടുന്നു.