വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വീണ്ടും പുലി. കോട്ടക്കുന്ന് പുതുശേരി സ്വദേശി പോള്‍ മാത്യുവിന്‍റെ വീട്ടിലെ കൂട് തകര്‍ത്ത് കോഴികളെ പിടികൂടിയതിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. പുലിക്കായി തിരച്ചില്‍ ആരംഭിച്ച വനംവകുപ്പ് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അര്‍ധരാത്രിയോടെയാണ് പോളിന്റ വീട്ടില്‍ പുലിയെത്തിയത്. വീടിന് പിന്നില്‍ സ്ഥാപിച്ചിരുന്ന കോഴിക്കൂടിന്റ നെറ്റ് തകര്‍ത്താണ് നാല് കരിങ്കോഴികളേയും മൂന്ന് മുട്ടകോഴികളെയും പുലി പിടിച്ചത്. ഒരു കോഴിയെ ചത്ത നിലയില്‍ പറമ്പില്‍ തന്നെ കണ്ടെത്തി.
സമീപപ്രദേശമായ ചീരാലില്‍ പത്തു ദിവസത്തിനിടെ അഞ്ചു വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. മേഖലയില്‍ രണ്ടിടത്തായി കൂടു സ്ഥാപിച്ചെങ്കിലും പുലി വീണില്ല. ക്യാമറ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണവും നടത്തിയിരുന്നു. ചീരാലില്‍ ഇറങ്ങിയ അതേ പുലി തന്നെയാണ് പോളിന്‍റെ വീട്ടിലുമെത്തിയതെന്നാണ് നിഗമനം. ജനവാസ മേഖലയായതിനാല്‍ കോമ്പിങ്ങ് ഓപ്പറേഷന്‍ നടത്തി പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ എത്തുന്ന മേഖലയായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ബത്തേരി ടൗണില്‍ കാട്ടാനകള്‍ എത്തി നാശം വിതച്ചതോടെ രണ്ടു കുങ്കി ആനകളെ വെച്ച് കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെയാണ് പുലി കൂടി ആശങ്കയുണ്ടാക്കുന്നത്.