വയനാട് ദാസനക്കരയിൽ കോടികൾ മുടക്കി നിർമിച്ച ക്രാഷ് ഗാഡ് റോപ് ഫെൻസിങ് വീണ്ടും കാട്ടാന തകർത്തു. കൂടൽക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് ക്രാഷ് ഗാഡ് വേലി തകർത്ത് കാട്ടാന കൃഷിയിടത്തിലേക്ക് കടന്നത്. ഫെൻസിങ് നിർമാണത്തിൽ ഗുരുതര അപാകതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
കാട്ടാനകൾക്ക് ഒരു കാലത്തും തകർക്കാനാവില്ലെന്ന അവകാശവാദവും ഉയർത്തിയാണ് വനംവകുപ്പ് ഈ ഫെൻസിങ് നിർമിച്ചത്. കാലങ്ങളോളം പ്രതിഷേധവുമായി കാത്തിരുന്ന നാട്ടുകാരും പ്രതീക്ഷയിലായിരുന്നു. പക്ഷേ ഒറ്റരാത്രി കൊണ്ട് വനംവകുപ്പിന്റെ ഉറപ്പ് കാട്ടാന തുമ്പികൈ കൊണ്ട് വലിച്ചിട്ടു. ഫെൻസിങ് തകർത്ത് കാട്ടാനകൂട്ടം ജനവാസമേഖലയിലെത്തി. ഇതേ ഫെൻസിങ്ങിന്റെ മാനന്തവാടി നഗരസഭയിലെ പാൽവെളിച്ചം കുറുവ പ്രദേശത്തെ വേലിയും കാട്ടാന നശിപ്പിച്ചിരുന്നു. നിർമാണത്തിലെ പരിചയക്കുറവും അപാകതയുമാണ് ഫെൻസിങ് എളുപ്പത്തിൽ കാട്ടാന തകർക്കാൻ കാരണമെന്നാണ് ആരോപണം
നടവയൽ, പാതിരി സൗത്ത് അടക്കം ജനവാസമേഖലയിലേക്ക് കാട്ടാനകൾ വരുന്നത് ഈ ഭാഗത്തിലൂടെയാണ്. എളുപ്പത്തിൽ തകർക്കാമെന്നായതോടെ തുടർന്നും ആനകൾ കൂട്ടത്തോടെ ഇറങ്ങാനാണ് സാധ്യത. ഒട്ടേറെ സമരങ്ങൾക്കു ശേഷമാണ് ക്രാഷ് ഗാർഡ് പദ്ധതിക്ക് ഫണ്ട് അനുവദിച്ച് പണി ആരംഭിച്ചത്. ദീർഘകാലം നിർമാണ പ്രവർത്തി മുടങ്ങിയിരുന്നു. വർഷങ്ങൾക്ക് ശേഷം പണി ഒരുവിധത്തിലായെങ്കിലും കാട്ടാന പ്രശ്നത്തിന് ഒട്ടും ആശ്വാസമല്ലെന്ന അവസ്ഥയായി. വനം വകുപ്പ് അധികൃതരുടെയും കരാറുകാരന്‍റെയും കെടുകാര്യസ്ഥതയെ പറ്റിയുള്ള പരാതി കോടതിയിൽ നിൽക്കെയാണ് കാട്ടാന ഫെൻസിങ് തകർത്തത്. വിഷയത്തിൽ കടുത്ത പ്രതിഷേധതിനൊരുങ്ങുകയാണ് നാട്ടുകാർ.