പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും, ലാപ്ടോപ്പും നൽകാമെന്ന് വിശ്വസിപ്പിച്ച് പാലക്കാട് കൊല്ലങ്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന മുന്നൂറിലേറെ ആളുകളിൽ നിന്ന് പണം തട്ടിയതായി പരാതി. അനന്തു കൃഷ്ണൻ നേതൃത്വം നൽകുന്ന നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ കൊല്ലങ്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറവും ചേർന്നാണ് പണം പിരിച്ചത്. ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്തെന്നാണ് കണക്ക്.
ഇരുചക്ര വാഹനം, ലാപ്ടോപ്പ്, എയർ കണ്ടീഷൻ തുടങ്ങിയവ പകുതി വിലയ്ക്ക്. വാഗ്ദാനങ്ങൾ എല്ലാ ജില്ലയിലും ഒരുപോലെ. വാങ്ങുന്ന പണത്തിന്റെ കാര്യത്തിലും ഒരേ മട്ടിലുള്ള മൂല്യം. അക്കൗണ്ട് വഴി വാങ്ങിയ പണത്തിന്റെ തോത് കണക്കാക്കുമ്പോൾ പാലക്കാട്ടെ തട്ടിപ്പിലും കോടികൾ മറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എന്ന പേരില്‍ എം.കെ. ഗിരീഷ് കുമാറിന്റെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പണം പിരിച്ചത്. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിവിധയിടങ്ങളിൽ സാധനവിതരണവും നടത്തി. ഈ വിശ്വാസ്യതയുടെ മറവിൽ കൂടുതൽ ഇടങ്ങളിലേക്ക് തട്ടിപ്പ് വ്യാപിപ്പിച്ചു. പാലക്കാട്ടെ പലരും പണമടച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടില്ല. സാധനം ഉടൻ കയ്യിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് അനന്തു കൃഷ്ണന്റെ തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പാലക്കാട് ജില്ലയിൽ മാത്രം പരാതിക്കാരുടെ എണ്ണം ആയിരം പിന്നിട്ടെന്നാണ് പൊലീസ് പറയുന്നത്.