malambuzha-bridge

TOPICS COVERED

നാടിന്‍റെ സ്വപ്ന പദ്ധതിയായ പാലക്കാട് മലമ്പുഴ റിങ്ങ് റോഡിന്‍റെ ഭാഗമായുള്ള ഉരുക്കുപാലത്തിന്‍റെ നിര്‍മാണത്തില്‍ മെല്ലെപ്പോക്ക്. അഞ്ച് വര്‍ഷം ആകാറായിട്ടും പാലം പണി തീരാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. മലമ്പുഴ ഡാമിനെ ചുറ്റിയുള്ള പ്രദേശവാസികളുടെ ദുരിത  യാത്ര പഴയപടി തുടരുകയും ചെയ്യുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട് മലമ്പുഴ റിങ്ങ് റോഡെന്ന സ്വപ്നത്തിന്. 2022 ഏപ്രിലിലാണ് പാലം പണിക്ക് തുടക്കം കുറിച്ചത്. മലമ്പുഴ അണക്കെട്ട് മുതല്‍ പൂക്കുണ്ട് വരെയും തോണിക്കടവ് മുതല്‍ തെക്കേ മലമ്പുഴ വരെയുമുള്ള 32 കിലോമീറ്റര്‍ റോഡിനെ ബന്ധിപ്പിക്കുന്നതാണ് ഉരുക്കുപാലം. 37.76 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്. ഫണ്ട് പോരായ്മ വന്നപ്പോള്‍ നാല് കോടി കൂടി അനുവദിച്ചു. മഴക്കാലത്ത് ഡാം നിറഞ്ഞ് വെള്ളം കയറിയാല്‍ നിര്‍മാണം തടസപ്പെടും. ഇപ്പോളത്തെ അനുകൂല കാലവസ്ഥ കരാറുകാര്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ മെല്ലപ്പോക്ക് മഴക്കാലത്ത് പ്രദേശവാസികളുടെ യാത്ര ദുരിതം ഇരട്ടിപ്പിക്കും..

മൂന്ന് ആര്‍ച്ചുകള്‍ വേണ്ടതില്‍ ഒരു ആര്‍ച്ചും അനുബന്ധ പ്രവൃത്തികളും മാത്രമാണ് മുന്നോട്ടുപോയിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ നിന്ന് ചെന്നൈയിലെ കമ്പനി ഉപകരാര്‍ എടുത്തിരിക്കുകയാണ്. ഫണ്ട് കൃത്യമായി ലഭ്യമായിട്ടും കരാര്‍ കമ്പനി നിര്‍മാണം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപമുണ്ട്. മലമ്പുഴ അണക്കെട്ടിനെ വലംവെച്ച് കാഴ്ചകള്‍ ആസ്വദിക്കാനുള്ള കവാടമായി മാറേണ്ട പാലമാണിത്. തെക്കേ മലമ്പുഴയും കവ പ്രദേശവും ഒറ്റപ്പെട്ട് കിടക്കുന്നതോടെ ടൂറിസം മേഖലയക്കും കനത്ത തിരിച്ചടിയാണ് ഈ മെല്ലപ്പോക്ക്.

Palakkad Malampuzha Ring Road steel bridge construction faces severe delays even after five years, causing major commuting hardships for local residents and impacting regional tourism.: