പാലക്കാട് മലമ്പുഴ ഉദ്യാനം അടച്ചതോടെ നൂറോളം ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയില്‍. ഉദ്യാനത്തിലെ 110 താത്കാലിക ജീവനക്കാര്‍ക്കും ജോലിയില്ല. ഒരു വര്‍ഷമായി വരുമാന നഷ്ടം നേരിടുന്ന മേഖലയെ സഹായിക്കാന്‍ കടകളുടെ തറവാടക ഒഴിവാക്കണമെന്ന് ആവശ്യം.
റോപ്പ് വേ മാത്രമാണ് ഇപ്പോള്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം. ഉദ്യാനം പൂര്‍ണമായി അടച്ചെന്ന് അറിഞ്ഞു തുടങ്ങിയതോടെ ടൂറിസ്റ്റുകള്‍ തീരെയില്ല. തിരക്കും ബഹളവും ഉണ്ടായിരുന്ന ഈ റോഡ് ഇപ്പോള്‍ വിജനമാണ്. ഉദ്യാനത്തെ ആശ്രയിച്ച് കച്ചവടം നടത്തുന്ന നൂറോളം ചെറുകിട കച്ചവടക്കാരാണ് പ്രതിസന്ധിയാലായത്. തെക്കേ മലമ്പുഴയും കവ പ്രദേശവും കാണാനെത്തുന്ന പ്രദേശവാസികള്‍ മാത്രമാണ് അവധി ദിവസങ്ങളില്‍ എത്തുന്നത്.
ഉദ്യാനം ഒരുവര്‍ഷമായി അടച്ചിട്ടതിന് ശേഷമുള്ള കടകളുടെ തറവാടക ഒഴിവാക്കാനോ കുറച്ച് നല്‍കാനോ തയാറാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഉദ്യാനത്തിനുള്ളിലെ കടകള്‍ പൂര്‍ണമായി ഒഴിവാക്കിയതോടെ അവരുടെ വരുമാനവും നഷ്ടമായി. ഉദ്യാനത്തിലെ 110 താത്കാലിക ജീവനക്കാരെയും ഒഴിവാക്കി. ഓണക്കാലത്തെ നഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നവീകരണം ഘട്ടംഘട്ടമായി നടത്തുകയും ഒരു ഭാഗം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്.