പാലക്കാട് കൊല്ലങ്കോട് പഴക്കംചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ടാങ്ക് തകർന്നുവീഴുമ്പോൾ പരിസരത്ത് നിന്ന് ആളുകൾ ഓടിമാറുന്ന ദൃശ്യം പുറത്തുവന്നു. സമീപത്തെ വില്ലേജ് ഓഫിസിന്റെ മതിലും വീടും തകർന്നു. യാതൊരു സുരക്ഷാമുന്നറിയിപ്പും ഇല്ലാതെ കരാറുകാരും വാട്ടർ അതോറിറ്റിയും ടാങ്ക് പൊളിച്ചതിനെതിരെ പ്രതിഷേധം ശക്തമായി.
ഞെട്ടലോടെ അല്ലാതെ ഈ ദൃശ്യം കാണാനാവില്ല. 30 വർഷം പഴക്കം ചെന്ന ഈ കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റിയ രീതി നോക്കുക. റോഡ് അടച്ചില്ല. വാഹനങ്ങൾ തടഞ്ഞില്ല. യാതൊരു മുന്നറിയിപ്പും കരാർ കമ്പനിയോ വാട്ടർ അതോറിട്ടിയോ നൽകിയില്ല. ആളുകൾ രക്ഷപ്പെടാൻ ഓടിമാറുകയായിരുന്നു. ജീവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. സമീപത്തെ വില്ലേജ് ഓഫിസിന്‍റെ ചുറ്റുമതിൽ തകർന്നു. വൈദ്യുതി പോസ്റ്റ് പൊട്ടി വീണ് വീടിന്‍റെ പിൻവശവും തകർന്നു. ഇന്നലെ വൈകിട്ടായിരുന്നു ഭീതിപരത്തിയ ഈ പൊളിച്ച് നീക്കൽ .
താഴെയുള്ള പില്ലറുകൾ തകർത്ത ശേഷം കയറുകൊണ്ടാണ് ടാങ്ക് താഴേക്ക് വീഴ്ത്തിയത്. പൊളിച്ചു നീക്കാൻ കരാർ നൽകിയ കമ്പനിയിലെ ജീവനക്കാരോ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീഴ്ച വരുത്തിയ ഇവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.