നെല്ല് സംഭരിച്ച് മൂന്ന് മാസത്തിലേറെ കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിച്ചില്ല. പാലക്കാട് ജില്ലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. രണ്ടാം വിളയുടെ പണം ലഭിക്കാത്ത സാഹചര്യത്തിൽ നിരവധി കർഷകർ കടബാധ്യതയിലേയ്ക്ക് നീങ്ങുകയാണെന്നാണ് പരാതി.
ജില്ലയിൽ നെല്ല് സംഭരണം പൂർത്തിയായിട്ട് ഏകദേശം മൂന്നര മാസം പിന്നിടുമ്പോൾ ഒന്നാം വിളയ്ക്കുള്ള വിത്തിറക്കൽ സമയവും എത്തിയിരിക്കുകയാണ്. എന്നാൽ, രണ്ടാം വിളയുടെ പണം ഇനിയും ലഭിക്കാത്തത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. 350 കോടി രൂപയിലധികം തുകയാണ് കർഷകർക്ക് ലഭിക്കാനുള്ളത്.
പാലക്കാട് ജില്ലയിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള നെല്ല് സംഭരണ സംവിധാനമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപണം. പല കർഷകർക്കും നെല്ല് സംഭരിച്ചതിന്റെ രേഖയായ പി.ആർ.എസ് (Procurement Receipt Sheet) പോലും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രശ്നപരിഹാരത്തിനായി സഹകരണ സംഘങ്ങൾ മുഖേന രജിസ്റ്റർ ചെയ്ത കർഷകരുടെ അക്കൗണ്ട് വിവരങ്ങൾ ദേശസാത്കൃത ബാങ്കുകളായ എസ്ബിഐ, കനറാ ബാങ്ക് എന്നിവയിലേയ്ക്ക് മാറ്റാനുള്ള നടപടികൾ സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ബാങ്കുകളുടെ കൺസോർഷ്യവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായാണ് വിവരം.
സാങ്കേതിക തടസങ്ങളുടെ പേരിൽ കർഷകരെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഘട്ടംഘട്ടമായെങ്കിലും നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യാൻ സപ്ലൈകോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.