പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള പ്രധാന റോ‍ഡിന്‍റെ അറ്റകുറ്റപ്പണി സ്തംഭിച്ചതോടെ പ്രദേശത്തെ സ്ഥാപനങ്ങളും തൊഴിലാളികളും നേരിടുന്നത് വന്‍ ദുരിതം. നൂറുകണക്കിന് ഭാരവാഹനങ്ങള്‍ ഓടുന്ന മേനോന്‍പാറ റോഡില്‍ പൊടിശല്യം കൊണ്ടും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.    

സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖലയിലേക്കുള്ള പൊതുമരാമത്ത് റോഡിലാണ് ദുരിതാവസ്ഥ. കഞ്ചിക്കോട് പാറപ്പിരിവ് മുതല്‍ മേനോന്‍പാറവരെയുള്ള റോഡിന്‍റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ട് ആറ് മാസം കഴിഞ്ഞു. പൊടിതിന്ന് വേണം ഇതിലൂടെ കടന്നുപോകാന്‍. 350ല്‍ അധികം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളും തൊഴിലാളികളും ആശ്രയിക്കുന്ന റോഡാണിത്. നൂറുകണക്കിന് ഭാരവാഹനങ്ങള്‍ കടന്നുപോകുന്ന റോഡ്. കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റി എസ്റ്റിമേറ്റിന്‍റെ പേര് പറഞ്ഞ് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നാണ് ആക്ഷേപം.

കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ റോഡ് വെള്ളംകയറി കുളമാകും. വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. റോഡിന്‍റെ പേരില്‍ വ്യവസായ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്ന് ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു. മഴയ്ക്ക് മുന്‍പ് പ്രാഥമിക ടാറിങ് പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Palakkad Kanjikode industrial road repair standstill is causing severe hardship for local businesses and workers. The stalled construction of the Menanpara road, a vital artery for hundreds of vehicles, has led to significant dust pollution and travel difficulties for commuters.