പാലക്കാട് അഗളിയിലെ ബെന്നി ലൂക്കയ്ക്ക് പിന്നാലെ, ചന്ദനമരം വെട്ടിയതിന്‍റെ പണം കിട്ടിയില്ലെന്ന ആക്ഷേപവുമായി മുന്‍ വനം വകുപ്പ് മേധാവി. ആറ് വര്‍ഷം മുന്‍പ് വീട്ടുവളപ്പില്‍ നിന്ന് മുറിച്ച ചന്ദന മരങ്ങള്‍ വനം വകുപ്പിന് കൈമാറിയതിന്‍റെ തുക ഇനിയും ലഭിച്ചില്ലെന്നാണ് പരാതി. മുന്‍ അഡീഷണല്‍ പ്രി​ന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ അട്ടപ്പാടി പാടവയല്‍ സ്വദേശിയായ പി.എന്‍.ഉണ്ണികൃഷ്ണനാണ് ആക്ഷേപവുമായി രംഗത്തുവന്നത്.

സംസ്ഥാനത്തെ ഒരു മുന്‍ വനം വകുപ്പ് മേധാവി തന്നെ ചന്ദനമരം മുറിച്ചതിന്‍റെ പണം ചുവപ്പുനാടയില്‍ കുരുങ്ങിയ കാര്യം തുറന്നുപറയുന്നു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയിരുന്ന പി.എന്‍.ഉണ്ണികൃഷ്ണന്‍ ആണ് പരാതിക്കാരന്‍. 2019ല്‍ കാറ്റിലും മഴയിലും ഒടിഞ്ഞുവീണ വീട്ടുവളപ്പിലെ ചന്ദനമരങ്ങള്‍ വനം വകുപ്പിന് കൈമാറിയിരുന്നു. 2024ല്‍ തടികള്‍ മറയൂരിലെ സര്‍ക്കാര്‍ ഡിപ്പോയില്‍ എത്തിച്ച് ലേലം ചെയ്തു. എന്നാല്‍ അതിന്‍റെ പണം ഇനിയും ഉണ്ണികൃഷ്ണന് കിട്ടിയിട്ടില്ല. ചന്ദനമരങ്ങള്‍ സ്വകാര്യ ഭൂമിയില്‍ ആയതിനാല്‍ ഭൂവുടമയ്ക്ക് സര്‍ക്കാരിലേക്ക് ബാധ്യതകള്‍ ഒന്നുമില്ലെന്ന രേഖ വേണമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ ആവശ്യപ്പെട്ടു. ഇതിനായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസീല്‍ദാര്‍ക്ക് ഡിഎഫ്ഒ കത്ത് നല്‍കിയെങ്കിലും മറുപടി കിട്ടിയില്ലെന്നാണ് വനം വകുപ്പിന്‍റെ ന്യായം. മരങ്ങള്‍ നിന്നിരുന്നത്, സ്വകാര്യ ഭൂമിയിലാണെന്നുള്ള രേഖ പാടവയല്‍ വില്ലേജില്‍ നിന്നും നല്‍കിയിട്ടില്ല.

 സ്വകാര്യ ഭൂമിയില്‍ ചന്ദനമരങ്ങള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുമെന്ന സര്‍ക്കാര്‍ നയം നിലനില്‍ക്കെയാണ് ഒരു മുന്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്  ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. ചന്ദനമോഷ്ടാക്കളെ പേടിച്ച് വളര്‍ത്തുന്ന ചന്ദനമരങ്ങള്‍ മുറിയ്ക്കുമ്പോള്‍, കര്‍ഷകരെ, ഇല്ലാത്ത നൂലാമാലകളില്‍ കുരുക്കുകയാണ് വനം വകുപ്പ്. ചന്ദനത്തടികളുടെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിഎഫ്ഒ ഓഫിസില്‍ എത്തി കഴിഞ്ഞദിവസം ആത്മഹത്യാ ഭീഷണി മുഴക്കിയ ബെന്നി ലൂക്കയും അട്ടപ്പാടി സ്വദേശിയാണ്.

ENGLISH SUMMARY:

A former forest chief in Kerala claims he has not received payment for sandalwood trees cut from his property six years ago. This situation highlights the bureaucratic hurdles faced by individuals, including a former Additional Principal Chief Conservator of Forests, in obtaining rightful compensation for sandalwood wood auctioned by the government.