തേങ്ങയ്ക്ക് വില ഇടിഞ്ഞതോടെ ഇപ്പോള്‍ ചിരട്ടയാണ് നാട്ടില്‍ താരം. പാലക്കാട് കഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള ചാര്‍ക്കോള്‍ ഫാക്ടറികളിലേക്ക് ഇപ്പോള്‍ ടണ്‍ കണക്കിന് ചിരട്ട വണ്ടികള്‍ നീങ്ങുകയാണ്. ചെറുകിട കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും അധിക വരുമാനമായി മാറുകയാണ് നേരത്തെ ആരും ശ്രദ്ധിക്കാതിരുന്ന ചിരട്ട.
ചിരട്ട ഇങ്ങനെ മാര്‍ക്കറ്റ് പിടിച്ചതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളാണ്. ഫെയ്സ് ക്രീമുകളില്‍ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഉണ്ടാക്കുന്നത് ചിരട്ടക്കരിയില്‍ നിന്നാണ്. കേരളത്തിലെ ഗുണനിലവാരമുള്ള ചിരട്ടയ്ക്ക് അങ്ങനെ ആവശ്യക്കാര്‍ കൂടി. മൊത്ത വിപണിയില്‍ ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ വരെ വിലയുണ്ട്. കഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള ചാര്‍ക്കോള്‍ ഫാക്ടറികളിലേക്കും തമിഴ്നാട്ടിലേക്കുമാണ് ചിരട്ടവണ്ടികള്‍ നീങ്ങുന്നത്. തേങ്ങയ്ക്ക് വില കുറഞ്ഞുനില്‍ക്കുന്ന ഈ സമയത്ത് കൗതുകത്തിന് അപ്പുറം ചെറുകിട കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്ക് പോലും ഒരു കൈത്താങ്ങാണ് ചിരട്ട.
ആക്രിക്കടകളും ചെറുകിട കച്ചവടക്കാരുമാണ് ചിരട്ട ശേഖരിക്കുന്നത്. നേരിട്ട് കൊണ്ടുവന്ന് കൊടുത്താല്‍ വില കൂടുതല്‍ കിട്ടും. ജലശുദ്ധീകരണ ഫില്‍ട്ടറുകള്‍, കൊതുകുതിരി എന്നിവയ്ക്കുള്ള അസംസ്കൃത വസ്തുവായും ചിരട്ട ഉപയോഗിക്കുന്നു. ഇനിയിപ്പോള്‍ ചിരട്ട വെറുതെ കത്തിച്ച് കളയേണ്ട.. വലിച്ചെറിഞ്ഞ് അതില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പടരുമോ എന്നും ആശങ്ക വേണ്ട. ചാക്കില്‍ കെട്ടിവച്ച് കടയില്‍ കൊടുത്താല്‍ കാര്യങ്ങള്‍ ഉഷാറാക്കാം.