ഒന്നാംവിള കൃഷി ഇറക്കാന്‍ പണമില്ലാതെ പാലക്കാട്ടെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. മൂന്ന് മാസം ആകാറായിട്ടും രണ്ടാം വിള നെല്ലിന്‍റെ പണം ലഭിച്ചിട്ടില്ല. അതേസമയം, ജില്ലയില്‍ പലയിടത്തും സംഭരണം പൂര്‍ത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുകയാണ്.

ഏറെ വൈകിയാണ് ജില്ലയിലെ പലയിടത്തും നെല്ല് സംഭരണം കുറച്ചെങ്കിലും പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഇതാ മൂന്ന് മാസം ആകാറായിട്ടും അതിന്‍റെ പണം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ഒന്നാം വിള ഇറക്കേണ്ട സമയമായി. വേനല്‍മഴ ലഭിച്ചതോടെ പാടം പൂട്ടി വളമിടണം.

ട്രാക്ടറിന് വാടക നല്‍കാനും വളം വാങ്ങാനും പണം വേണം. പാട്ടക്കുടിശിക കൊടുത്തുതീര്‍ക്കണം. എല്ലാത്തിനും വീണ്ടും കടം വാങ്ങേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍

പല കര്‍ഷകര്‍ക്കും സംഭരണത്തിന്‍റെ രസീത് പോലും നല്‍കിയിട്ടില്ല. സഹകരണ സ്ഥാപനങ്ങള്‍ വഴിയുള്ള സംഭരണം പാളിയതോടെ സംപ്ലൈക്കോ തന്നെ പഴയപടി ഇത് ഏറ്റെടുത്തിരുന്നു. പക്ഷേ ഏത് ബാങ്കില്‍ നിന്ന് പണം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയുമില്ല. ഇതോടൊപ്പം തന്നെ ജില്ലയിലെ പലയിടങ്ങളിലും ഇപ്പോഴും സംഭരിക്കാതെ നെല്ല് കെട്ടിക്കിടക്കുന്നുണ്ട്.

വേനല്‍മഴയില്‍ ചാക്കുകെട്ടുകള്‍ നനയാതെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. തിരഞ്ഞെടുപ്പ് കാലത്തെ മെല്ലപ്പോക്ക് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. പുതിയ സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് മുന്‍ഗണന നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Palakkad paddy farmers are facing a severe crisis as they lack funds for their first crop cultivation. The delay in receiving payments for the second crop, which is now three months overdue, has left them in debt and struggling to arrange finances for essential farming activities like soil preparation and fertilizer purchase.