നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. കേരളത്തിലെ കുറ്റാന്വേഷണ കുതുകികളുടെ മനസ് മാന്‍ഡ്രേക്കും ഫാന്‍റവും ടാര്‍സനും പോലെ വിദേശികള്‍ ഇടിച്ച് മലര്‍ത്തിയിട്ടിരുന്ന കാലം. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് മാര്‍ക്സിനെയും ഡിറ്റക്ടീവ് പുഷ്പരാജിനെയും പ്രേംനസീറും മധുവുമായി സങ്കല്‍പിച്ച് മനസില്‍ സീനുകള്‍ കണ്ടവര്‍ക്കു മുന്നിലേക്കാണ് ‘ഠമാര്‍ പഠാര്‍’ എന്നൊക്കെ പറഞ്ഞ് ഞെട്ടിച്ച് ഇരുമ്പുകൈ മായാവിയുടെയും ഡിറ്റക്ടീവ് മൂസയുടെയും വരവ്. അന്ന് കണ്ണാടി വിശ്വനാഥന്റെ സൃഷ്ടികളെ അപസര്‍പ്പക ചിത്രകഥാ നോവല്‍ സാഹിത്യം എന്ന് വിളിച്ചു. ഇന്നാണെങ്കില്‍ അതായിരുന്നു ‘ഗ്രാഫിക് നോവല്‍’.
ഇന്ന് ക്രിക്കറ്റും ഫുട്ബോളും സ്വിമ്മിങ്ങും ജിമ്മും കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ ടിവിയിലോ മൊബൈലിലോ കംപ്യൂട്ടര്‍ ഗെയിമുകളിലോ ഒതുങ്ങും. പല വീടുകളിലും വൈദ്യുതി പോലുമില്ലാത്ത ആദിമകാലത്ത് കുട്ടിയും കോലും, കള്ളനും പൊലീസും , തലപ്പന്ത്, ഗോലി തുടങ്ങിയ വിനോദങ്ങള്‍ക്കു ശേഷം കുട്ടികള്‍ യാത്രപോയിരുന്നു. ഇരുമ്പുൈക മായാവിക്കും സിഐഡി മൂസയ്ക്കുമൊപ്പം. കണ്ണാടി വിശ്വനാഥന്റെ ചിത്രകഥകള്‍ വായിച്ച് അവരുടെ വിചിത്ര, സാഹസലോകങ്ങളിലേക്കു സഞ്ചരിച്ചവര്‍ പിറ്റേന്ന് വൈകിട്ടെത്തുന്നത് പുതിയ കളിയുമായിട്ടാവും – ‘നീ മായാവി, ഞാന്‍ മൂസ, അവന്‍ വില്ലന്‍ ജയരാമന്‍’ – പിന്നെ മണ്ണില്‍ ആ വേഷങ്ങളുടെ പകര്‍ന്നാട്ടമാണ്.
മായാവിക്കും മൂസയ്ക്കും മാത്രമല്ല സിഐഡി മൈക്കിള്‍, സിഐഡി മഹേഷ്, റിവോള്‍വര്‍ റിങ്കോ എന്നീ നായകരെക്കൂടി അവതരിപ്പിച്ച, ഒരു തലമുറയെ ത്രസിപ്പിച്ച, അമ്പരിപ്പിച്ച നായകര്‍ക്കു പിന്നിലെ ഹീറോ ആണ് ഇന്നലെ അന്തരിച്ച കണ്ണാടി വിശ്വനാഥന്‍.
ജുറാസിക് പാര്‍ക്കിനും മുന്‍പ്
ദിനോസറുകള്‍ക്കും മുന്‍പ് എന്നു പറയാറില്ലേ. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ഈസ്‌ല നുബ്ലാ ദ്വീപിലെ ‘ജുറസിക് പാര്‍ക്കി’നും രണ്ടു പതിറ്റാണ്ടുകള്‍ക്കെങ്കിലും മുന്‍പാണ് സിഐഡി മൂസ കാംഗോ ദ്വീപിലെത്തുന്നത്. അമൂല്യരത്നങ്ങൾ കൈക്കലാക്കാൻ കൃത്രിമ ബീജസങ്കലനത്തിലൂടെ വില്ലന്‍ സൃഷ്ടിച്ച രാക്ഷസപല്ലികൾ ദ്വീപിലെ മുഴുവൻ ജനതയേയും വിറപ്പിച്ചു നിര്‍ത്തുകയാണ്. ‘തുലഞ്ഞു പോ പല്ലികളെ’ എന്ന പഞ്ച് ഡയലോഗുമായി സിഐഡി മൂസ എത്തുന്നു. പല്ലികളെ കൊല്ലുന്നു. ‘ഭൂകമ്പനഗരം’ ചിത്രകഥയില്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന വില്ലനെ ഹെലികോപ്റ്ററില്‍ ചാടിക്കയറി പിടികൂടുന്നു മൂസ. പിന്നെ അടിപൊരി അടി. ‘അയ്യോ ഞാന്‍ ചത്തേ’ എന്ന ക്ലാസിക് അവസാനവാക്കുമായി വില്ലന്‍ ഹെലികോപ്റ്ററില്‍ നിന്നു വീഴുന്നു. വിമാനം താഴ്ന്നു പറന്നപ്പോള്‍ മൂസ റണ്‍വേയില്‍ ചാടി രക്ഷപെട്ടു!!! വര്‍ഷങ്ങള്‍ക്കുശേഷം ‘കോളിളക്കം’ സിനിമയില്‍ ഇതേ രംഗം നാം കണ്ടു. ചിത്രകഥ സിനിമയായപ്പോള്‍ മരിച്ചത് വില്ലനല്ല – നായകനായി അഭിനയിച്ച ജയനാണ്. ഇതിനും വര്‍ഷങ്ങള്‍ക്കുശേഷം 2003ലാണ് മൂലങ്കുഴി സഹദേവന്‍ ‘സിഐഡി മൂസ’യാവുന്നത്. വില്ലനെ മൂസ അടിച്ചു പപ്പടമാക്കുമ്പോഴുള്ള ‘ഠമാര്‍ പഠാര്‍’ പ്രയോഗമൊക്കെ ഈ സിനിമയിലും ചേര്‍ത്തിട്ടുണ്ട്. ‘വെടിയുണ്ടയല്ലേ വരുന്നത് വഴിമാറിക്കളയാം’ എന്ന ഹിറ്റ് ഡയലോഗും ഒറിജിനല്‍ സിഐഡി മൂസയുടേതു തന്നെ. രാക്ഷസപ്പല്ലികളെപ്പോലെ തന്നെ ‘യന്തിരന്‍’മാരെയും കരയിലും വെള്ളത്തിലും വായുവിലും ഒരേപോലെ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങളും എല്ലാം ചിത്രകഥാക്കളങ്ങളില്‍ ‘അതിരടി’കളായി. അതിസാഹസികനും ധീരനുമായിരുന്നു മൂസ. ഇരുപതുനില കെട്ടിടത്തിനു മുകളില്‍ വലിഞ്ഞുകയറും. അവിടെ വില്ലനെ കീഴ്പെടുത്തിയശേഷം താഴേക്കു ചാടും. ബോട്ടുജെട്ടിയിലേക്കോടി നായികയുമായി സ്പീഡ് ബോട്ടില്‍ ഉല്ലസിക്കും. അന്നത്തെ കുട്ടികളുടെ മനസില്‍ നിന്ന് ജയിംസ്ബോണ്ടിനെയും സൂപ്പര്‍മാനെയും സ്പൈഡര്‍മാനെയും ഇടിച്ചുപുറത്തേക്കിട്ട ഒറ്റമൂലി പ്രയോഗങ്ങളായിരുന്നു മൂസയുടേത്.
സ്പൈഡര്‍മാന്റെ പിന്‍ഗാമി
സ്പൈഡര്‍മാനെപ്പോലെ ലാബില്‍ പരീക്ഷണം. അവിടെ ചിലന്തി കടിച്ചെങ്കില്‍ ഇവിടെ നായകന്റെ ഒരു കൈ നഷ്ടമാവുന്നു. പകരം വച്ച ഇരുമ്പുകൈയില്‍ ഷോക്കടിച്ചപ്പോള്‍ ‘ഠമാര്‍ പഠാര്‍’ – നായകനെ കാണാനില്ല. ഇരുമ്പു കൈമാത്രം ബാക്കി. വില്ലന്‍മാരെ ഇടിക്കാം, ഷോക്കടിപ്പിക്കാം, – അത്യാവശ്യത്തിന് മൊബൈല്‍ ഫോണായും (അന്നത്തെ വയര്‍ലെസ്) റിവോള്‍വറായും കത്തിയായും ഉപയോഗിക്കാം. ആദ്യലക്കത്തിലെ പരിചയപ്പെടുത്തല്‍ ഇങ്ങനെ: ‘ഇരുമ്പുകൈ മായാവി: അദ്ഭുതകരമായ ധീരതയുള്ള മനുഷ്യന്‍! വിദ്യുച്ഛക്തി പ്രയോഗത്താല്‍ ഇരുമ്പുകൈ മായാവി മറ്റുള്ളവര്‍ക്ക് അദൃശ്യനാവുന്നു. എന്നാല്‍ ഇരുമ്പുകൈ മാത്രം പുറത്തുകാണാം! രഹസ്യചാരനായി പ്രവര്‍ത്തിക്കുന്ന മായാവി ബ്രിട്ടിഷ് രഹസ്യസേനാവിഭാഗത്തിന്റെ വലംകയ്യാണ്!!’ 1972ല്‍ ആദ്യമായി ഇറങ്ങിയ ‘ഇരുമ്പുകൈ മായാവി’ക്ക് ഒരു രൂപയായിരുന്നു വില. ആദ്യം അടിച്ച 25,000 കോപ്പി പെട്ടെന്നുവിറ്റുപോയി. തുടര്‍ന്നിറങ്ങിയ മഞ്ഞുകട്ടരഹസ്യവും സര്‍പ്പദീപും ഇറാന്‍ ഇറാഖ് യുദ്ധവും വാട്ടര്‍ഗേറ്റ് സംഭവവുമെല്ലാം ഒന്നിനൊന്ന് ഹിറ്റായി.
തുന്നല്‍സാഹസം
ചെന്നൈയില്‍ തയ്യല്‍ജോലി െചയ്തിരുന്ന വിശ്വനാഥന്‍, ഒരുദിവസം തിരിച്ചുവന്ന് പാലക്കാട് കുന്നത്തൂര്‍മേട്ടില്‍ ‘അച്യുതന്‍ ബുക്സ്’ എന്ന പുസ്തകക്കടയ്ക്കടുത്ത് തയ്യല്‍ക്കട തുടങ്ങുന്നതോടെയാണ് കണ്ണാടിയിലെ ആക്ഷന്‍ തുടങ്ങുന്നത്. തമിഴ്നാട്ടിലെ മുത്തു കോമിക്സ് അവരുടെ ചിത്രകഥകള്‍ മലയാളത്തിലാക്കാന്‍ തീരുമാനിച്ച് അച്യുതന്‍ ബുക്സുമായി കരാറൊപ്പിടുന്നു. തമിഴ് അറിയാവുന്ന വിശ്വനാഥന്റെ സഹായം അച്യുതന്‍ തേടുന്നു. കഥാപാത്രങ്ങള്‍ സാഹസങ്ങള്‍ക്കായി ഒരുങ്ങി ഇറങ്ങിയത് ഈ തുന്നല്‍ക്കടയില്‍ നിന്നാണ്. മായാവിക്കും മൂസയ്ക്കും പുറമേ സി.ഐ.ഡി. മഹേഷ്, സി.ഐ.ഡി. മൈക്കിള്‍, റിവോൾവർ റിങ്കോ എന്നിവരെയും വിശ്വനാഥന്‍ സൃഷ്ടിച്ചു. ഇവരുടെ വിജയം കണ്ട് മലയാളത്തില്‍ മറ്റ് നായകന്മാരും സ്വന്തം വീരസാഹസങ്ങളുമായി ഇറങ്ങി. പ്രഫസർ സോമനാഥന്റെ സി.ഐ.ഡി. നസീറും, സി.ഐ.ഡി. മധുവും പ്രസന്നന്റെ സി.ഐ.ഡി. നാഥനും തോമസ് അമ്പാട്ടിന്റെ സി.ഐ.ഡി. രേഖയും. എന്നാല്‍ ബ്ലാക് ആന്‍ഡ് വൈറ്റ് നായകര്‍ക്ക് പിന്നീട് വന്ന കളര്‍ വിപ്ലവത്തെ മറികടക്കാനായില്ല. യഥാര്‍ഥ വില്ലന്‍ ടിവിയും മൊബൈലുമായിരുന്നു. ‘ഒരു മൊബൈല്‍ അല്ലേ വരുന്നതെന്ന് പറഞ്ഞ് മാറിക്കളയാന്‍ മൂസയ്ക്കായില്ല, മായാവിക്ക് മറയാനുമായില്ല. ഒടുവില്‍ കണ്ണാടി വിശ്വനാഥനും ഇന്നലെ ലോകത്തോട് യാത്രപറഞ്ഞു.