സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു. പാലക്കാട് എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് 10 മണിക്ക് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും. വെടിയുണ്ട വരുന്നുണ്ടെന്നും മാറിക്കളയാമെന്നുമുള്ള സിഐഡി മൂസ സിനിമയിലെ ഹിറ്റ് ഡയലോഗ് കടംകൊണ്ടത് ഇരുമ്പുകൈ മായാവി ചിത്രകഥകളില്‍ നിന്നാണ്. മലയാളത്തിലെ അപസർപ്പക ചിത്രകഥാ നോവൽ സാഹിത്യം, ഇന്നത്തെ ഭാഷയിലെ ഗ്രാഫിക് നോവല്‍ തുടങ്ങുന്നത് കണ്ണാടി വിശ്വനാഥനിലൂടെയാണ്.
ജെയിംസ് ബോണ്ട് സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്ട് സൃഷ്ടിച്ച സി.ഐ.ഡി. മൂസ 1975 മുതൽ 1982 വരെ മൂസ നൂറിൽപരം ചിത്രകഥകളിൽ പ്രത്യക്ഷപ്പെട്ടു. ജുറാസിക് പാര്‍കിനും വര്‍ഷങ്ങള്‍ക്കും മുന്‍പേ ഇരുമ്പുപല്ലികൾ എന്ന ചിത്രകഥയില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ സൃഷ്ടിച്ച വലിയ പല്ലികളെ മൂസ നേരിടുന്നുണ്ട്. 'തുലഞ്ഞുപോ പല്ലികളെ!' എന്ന സിഐഡിയുടെ ഭീഷണി അക്കാലത്തെ പഞ്ച് ഡയലോഗ് ആയിരുന്നു.