തിരഞ്ഞെടുപ്പിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുളളവർ പാർട്ടി വിട്ട് വിമത കൂട്ടായ്മയിലേക്ക് ചേക്കേറുന്നത് പാലക്കാട് സിപിഎമ്മിനെ ഉലയ്ക്കുന്നു. ജില്ലാ സെക്രട്ടറി E.N.സുരേഷ് ബാബുവിനെ വെല്ലുവിളിച്ചാണ് വലിയങ്ങാടി ലോക്കൽ കമ്മിറ്റിയിലെ 24 പേർ പാർട്ടിവിട്ടത്. പി.കെ.ശശിക്ക് പിന്നാലെ, ജില്ലാ സെക്രട്ടറിയെ അതിരൂക്ഷമായി വിമർശിച്ച് പാർട്ടിവിടുന്ന ട്രെൻഡ്, ജില്ലാ നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.
പാലക്കാട് ഏരിയ കമ്മിറ്റിയിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വിഭാഗീയ പ്രവർത്തനങ്ങളാണ് വിമത ശബ്ദങ്ങളായി ഇപ്പോൾ പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറി E.N.സുരേഷ് ബാബു തനിക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ ഒതുക്കുന്നുവെന്നാണ് പരാതി. ഏരിയ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ട നഗരസഭ കൗൺസിലർ കൂടിയായ അബ്ദുൾ ഷുക്കൂറും താൻ ജില്ലാ സെക്രട്ടറിയുടെ ഇരയാണെന്ന് പരസ്യപ്രതികരണം നടത്തിയാണ് പുറത്ത് പോയത്. ഷുക്കൂറിനെ പിന്തുണച്ച് ഒടുവിൽ വലിയങ്ങാടി ലോക്കൽ കമ്മിറ്റി പരിധിയിൽ നിന്ന് രാജിവച്ചത് 24 പേർ. വർഗീയമായി പെരുമാറിയെന്നത് ഉൾപ്പെടെയുള്ള ഗൗരവമുള്ള ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്
തുടർച്ചയായ ഈ കൊഴിഞ്ഞുപോക്ക് ജില്ലാ നേതൃത്വത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. പി.കെ.ശശി വിമത കൂട്ടായ്മ രൂപീകരിച്ചത് പോലെ ഇവരും മറ്റൊരു രീതിയിൽ സംഘടിക്കുകയാണ്. തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി.കെ.ഗോവിന്ദൻ ഈ കൂട്ടായ്മയുടെ പാലക്കാട്ടെ യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിമത കൂട്ടായ്മകൾ രൂപപ്പെടുന്നത് സംസ്ഥാന നേതൃത്വത്തിനും ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല.