പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ ഏറ്റവും വിസ്തൃതിയേറിയ വരോട് വലിയ കുളം ആധുനിക രീതിയിൽ നവീകരിക്കുന്നു. ചെളിയും പായലും നിറഞ്ഞ പൊതുകുളം രണ്ട് കോടിയോളം രൂപ ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്.ഒരേക്കറോളം വിസ്തീർണത്തിൽ ഒരു പൊതുകുളം. അതാണ് വരോട് വലിയ കുളത്തിൻ്റെ പ്രത്യേകത. പക്ഷേ പായലും ചെളിയും നിറഞ്ഞ് ഈ കുളം ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ ജലാശയത്തിൻ്റെ വീണ്ടെടുപ്പാണ് ഇപ്പോൾ അമൃത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുളക്കടവുകളുടെ നവീകരണം, കുളം വൃത്തിയാക്കൽ, സംരക്ഷണഭിത്തി, ചുറ്റുമതിൽ നിർമാണം ഇതിൽ ഉൾപ്പെടും. സമീപത്തെ മരങ്ങൾക്ക് ചുറ്റും ഇരിപ്പിടം ഒരുക്കി സൗന്ദര്യവത്കരണവും പദ്ധതിയുടെ ഭാഗമാണ്
1.9 കോടിയാണ് പദ്ധതി തുക. എത്രയും വേഗം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കുളം ജലസമൃദ്ധമായാൽ അത് പ്രദേശത്തെ കാർഷിക മേഖലയ്ക്കും കരുത്താകും.