പാലക്കാട് മണ്ണാർക്കാട് ഡെങ്കിപ്പനി കേസുകൾ കൂടുന്നു. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ മാസം ഇതുവരെ, 80 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരെല്ലാം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയരുകയാണ്. നഗരസഭ സെകട്ടറിക്ക് മുന്നിലും പ്രതിഷേധവുമായി നാട്ടുകാരെത്തി.
വേനൽക്കാലം ആയിട്ട് പോലും ഡെങ്കിപ്പനി കൂടുതൽ കണ്ടുവരുന്നതിൽ പൊതുവെ ആശങ്കയുണ്ട്. അതേസമയം, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധ കൂടുതൽ കണ്ടുവരുന്ന ഭാഗങ്ങളിൽ ഫോഗിങ് നടത്തുന്നുണ്ട്. ആശ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണവും നടത്തിവരുകയാണ്. പനിയുള്ളവർ പൂർണ്ണമായും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചു.