പാലക്കാട് തേങ്കുറുശ്ശിയിൽ മൂന്നു മക്കളടങ്ങുന്ന നിർധന കുടുംബം സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയിലാണ്. മാതാവിന്റെ ചികിൽസക്കായി വീട് പണയപ്പെടുത്തി വായ്പയെടുത്ത വാക്കത്തറ സ്വദേശി സതീഷിന്റെ കുടുംബമാണ് കടുത്ത ദുരിതത്തിലായത്. ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബം
നാല് സെന്റ് ഭൂമിയിലാണ് സതീഷിന്റെ ഈ കൊച്ചു വീട്. അമ്മ ശാന്തയുടെ ചികിൽസക്ക് വേണ്ടി 2023 ലാണ് വീട് പണയപ്പെടുത്തി സതീഷും കുടുംബവും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. മുടങ്ങാതെ തിരിച്ചടച്ചെങ്കിലും ജോലിക്കിടെ പരുക്കേറ്റ് സതീഷ് കിടപ്പിലായതോടെ പ്രതിസന്ധിയായി. തിരിച്ചടവ് മുടങ്ങി.
അരപട്ടിണിയിലാണ് കുടുംബം. ഭാര്യ ബിന്ദു പെട്രോൾ പമ്പിൽ ജോലിക്ക് പോയാണ് നാലും ഏഴും പത്തും വയസുള്ള കുട്ടികളുള്ള കുടുംബം മുന്നോട്ട് പോകുന്നത്. ഉടൻ ജപ്തി വേണ്ടി വരുമെന്നാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള അറിയിപ്പ്. പ്രാഥമിക നടപടി തുടങ്ങി.
വീടു വിട്ടിറങ്ങേണ്ടി വന്നാൽ എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല ഇവർക്ക്.നല്ലവരായ മനുഷ്യരുടെ കൈത്താങ്ങുണ്ടായാൽ നിർധന കുടുംബത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാം.