പാലക്കാട് കല്ലേക്കാട് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. KSU പ്രവർത്തകന്റെ കണ്ണിനു ഗുരുതര പരുക്കേറ്റു. അർധരാത്രിയിലായിരുന്നു സംഭവം. DCC സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആദ്യം സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തർക്കമുണ്ടായി. അവിടെ നിന്ന് മടങ്ങുന്ന സമയത്താണ് ബിജെപി പ്രവർത്തകരുമായി സംഘട്ടനമുണ്ടായത്. DCC സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ആക്രമണം ഉണ്ടായി. കല്ലെറിൽ കെഎസ്‍യു പ്രവർത്തകൻ മുഹമ്മദ് അജ്മലിന് കണ്ണിനു ഗുരുതര പരുക്കേറ്റു. ഇയാൾ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥി അടക്കം ഉണ്ടെന്ന് വി. കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് UDF സ്ഥാനാർഥിക്കും മർദ്ദനമേറ്റിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ കാറ് കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
സംഭവത്തിൽ 5 ബിജെപി പ്രവർത്തകരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന 10 ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തിട്ടുമുണ്ട്. അതേസമയം തിരെഞ്ഞെടുപ്പ് ദിവസം ജില്ലയിൽ ചിലയിടങ്ങളിൽ തർക്കങ്ങളുണ്ടായി. കരിമ്പയിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലൊട്ടുക്കേ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.