രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസുകള്‍ പാലക്കാട്ടെ കോണ്‍ഗ്രസിന് നല്‍കിയത് ഇരട്ട പ്രഹരമാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിവാദങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ കുഴഞ്ഞിരിക്കുകയാണ് നേതൃത്വം. പാലക്കാട് നഗരസഭയിലടക്കം തിരിച്ചടി ഉണ്ടാകുമോയെന്ന കടുത്ത ആശങ്കയും പാര്‍ട്ടിക്കുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനിനി എട്ടു ദിവസം. 88 പഞ്ചായത്തുകളും 7 നഗരസഭകളുമുള്ള പാലക്കാട്ട് കോണ്‍ഗ്രസ് ആശങ്കയിലാണ്. പ്രചരണത്തില്‍ ഏറെ മുന്നില്‍ നിന്ന സമയത്താണ് അതുവരെ രാഹുലിനെതിരെ വന്ന ആരോപണങ്ങള്‍ കേസായി മാറിയത്. അതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. സസ്‌പെന്‍ഷനിലായിട്ടും നേതാക്കളെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പ് പ്രചരണത്തിലിറങ്ങിയ രാഹുല്‍ പാര്‍ട്ടിക്ക് നല്‍കിയത് ഇരട്ടപ്രഹരം.
പാലക്കാട് നഗരസഭയിലും പിരായിരി, കണ്ണാടി അടക്കം പഞ്ചായത്തുകളിലുമായിരുന്നു രാഹുല്‍ കൂടുതല്‍ സജീവമായത്. ഇവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരച്ചടി ഭയക്കുന്നുണ്ട്. രാഹുലിനും കോണ്‍ഗ്രസിനും പാലക്കാട് മറുപടി കൊടുക്കുമെന്ന് സി. കൃഷ്‌ണകുമാര്‍ പറയുന്നു. അതേസമയം ഒരു തരത്തിലും ബാധിക്കില്ലെന്നാണ് നഗരസഭയുടെ ചുമതലയുള്ള വികെ ശ്രീകണ്‌ഠന്‍റെ പക്ഷം.
പാലക്കാട് നഗരസഭയില്‍ ഇത്തവണ ഭരണം പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചതാണ്. നേരത്തെ തന്നെ അതിനുള്ള പണിയും തുടങ്ങി. അതിനിടെയാണ് കാര്യങ്ങള്‍ ഈ വിധം മാറിമറിഞ്ഞത്. അടിത്തട്ടില്‍ ബാധിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ആശങ്കയുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെതിരെ നടപടിയെടുത്തത് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. മുന്‍കൂര്‍ജാമ്യം തള്ളി രാഹുലിന്‍റെ അറസ്റ്റിലേക്ക് നീങ്ങിയാല്‍ കാര്യങ്ങള്‍ വഷളാകുമെന്നിരിക്കെ മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ് പാര്‍ട്ടി.