പാലക്കാട് അട്ടപ്പാടിയിൽ നൂറുകണക്കിന് ആദിവാസി കുടുംബങ്ങളുടെ വീടുകളാണ് പാതിവഴിക്ക് നിർമാണം നിലച്ചു കിടക്കുന്നത്. നിർമാണം പൂർത്തിയാക്കിയതാവട്ടെ ചോർന്നൊലിച്ച അവസ്ഥയിലും. കരാറുകാരും ഉദ്യോഗസ്ഥരും തങ്ങളെ വഞ്ചിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി.
അട്ടപ്പാടി കരുവാര ഊരിൽ നിർമാണം നിലച്ച വീടു തകർന്ന് രണ്ടു കുരുന്നുകളുടെ ജീവൻ നഷ്ടമായത് കഴിഞ്ഞ ദിവസം വൈകിട്ട്. തങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടികളുടെ മാതാവ് ദേവി കണ്ണീരോടെ പറഞ്ഞതാണ്. ഭവന നിർമാണത്തിലെ അപാകതകളും ദുരിതങ്ങളും അട്ടപ്പാടിയിൽ ഇത് ഒറ്റപ്പെട്ടതല്ല. അഗളിയിലും മുക്കാലിയിലുമടക്കം പലയിടങ്ങളിലായി ആയിരകണക്കിന് വീടുകളാണ് പാതിയിൽ തളർന്നു കിടക്കുന്നത്.
വീടുകളൊക്കെ എപ്പോൾ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ഇവിടെ കഴിയാനാവില്ല. അപ്പോൾ പഞ്ചക്കാട്ടിലേക്ക് കുടിൽ വച്ച് താമസം മാറും. കരാറുകാർ വഞ്ചിച്ചു മുങ്ങുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ അതിനു പിന്നിലുണ്ടെന്ന ആക്ഷേപവും ഉണ്ട്. എത്ര വീടുകളുടെ നിർമാണം നിലച്ചെന്ന കണക്കു പോലും വകുപ്പിന്‍റെ കൈവശമില്ല. കടുത്ത അനാസ്ഥക്ക് ഇനി എത്ര ജീവൻ നൽകണമെന്ന് അട്ടപ്പാടിക്കാർ ചോദിക്കുന്നുണ്ട്.