പാലക്കാട് ചിറ്റൂരിൽ ഇരട്ട സഹോദരങ്ങൾ ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു. അണിക്കോട് സ്വദേശി കാശിവിശ്വനാഥന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരുടെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. അപകടം കുളിക്കാനിറങ്ങുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് മുതൽ ഇരുവരെയും കാണാതായിരുന്നു.
14 വയസുള്ള രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒതാം ക്ലാസ്സ് വിദ്യാർഥികളാണ്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് ഇരുവരും ഇലക്ട്രിക് സ്കൂട്ടറുമെടുത്ത് വീടുവിട്ടിറങ്ങിയത്. പിന്നാലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസും നാട്ടുകാരും ബന്ധുക്കളും പുലർച്ചെ വരെ തിരഞ്ഞു. എന്നാൽ പ്രതീക്ഷകൾ വിഫലമായി. ഇന്ന് രാവിലെ ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ ആദ്യം ലക്ഷ്മണന്റെയും പിന്നാലെ രാമന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുളത്തിന്റെ തുടക്ക ഭാഗത്തായിട്ടായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ. കുളത്തോട് ചേർന്ന് ഇരുവരുടേയും വസ്ത്രങ്ങളും സ്കൂട്ടറും കണ്ടെത്തി. കുളിക്കാനിറങ്ങവേ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവിച്ചതെന്തെന്ന് കണ്ടെത്താൻ ചിറ്റൂർ പൊലീസ് അന്വേഷണം തുടങ്ങി.