പാലക്കാട് കൊല്ലങ്കോട്ട് അംഗന്‍വാടികളിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ വ്യാപക ക്രമക്കേട്. ICDS നു കീഴില്‍ 142 അംഗന്‍വാടികളിലേക്ക് 1.42 കോടി രൂപക്ക് സാധനങ്ങള്‍ എത്തിച്ചതില്‍ അരകോടിക്കു മുകളില്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി. പലതവണ പരാതി നല്‍കിയിട്ടും വനിതാ ശിശുവികസന വകുപ്പ് അനങ്ങിയില്ല..
സക്ഷം പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ഐസിഡിഎസിനു കീഴിലുള്ള അങ്കണവാടികളിലേക്കു വാങ്ങിയ സാധനങ്ങളിലാണു വ്യാപക ക്രമക്കേട് നടന്നത്. ജെം പോര്‍ട്ടല്‍ ഉപയോഗിച്ചു കൂടുതല്‍ തുകക്ക് സാധനങ്ങള്‍ വാങ്ങിയെന്ന് കാണിച്ചു പണം കൈപറ്റി. ഏറ്റവും കുറഞ്ഞ സാധനങ്ങള്‍ അംഗന്‍വാടിയില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്. നിര്‍ണായക രേഖകള്‍ മനോരമന്യൂസിനു ലഭിച്ചു.
ICDS ഓര്‍ഡര്‍ ചെയ്‌ത 5000 രൂപയുടെ ഗ്രൈന്‍ററിനു പകരം എത്തിച്ചത് 3500 രൂപയുടെ മിക്‌സി. ഓര്‍ഡര്‍ ചെയ്‌തത് 130 എണ്ണം. ഒന്നിനു 1500 രൂപ വെച്ച് ആകെ 1.95 ലക്ഷം വെട്ടിച്ചു. 4000 രൂപയുടെ മരത്തിന്‍റെ ഷൂറാക്ക് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ എത്തിച്ചത് ഗുണമേന്മയില്ലാത്ത പ്ലാസ്‌റ്റിക്കിന്‍റേത് വില 3000 രൂപ. നഷ്‌ടം 1.42 ലക്ഷം. ടിവി വാങ്ങിയതില്‍ 1.59 ലക്ഷം രൂപയും ടേബിള്‍ വാങ്ങിയതില്‍ 3.93 ലക്ഷവും വാട്ടര്‍ പ്യൂരിഫിയര്‍ വാങ്ങിയതില്‍ 3.87 ലക്ഷവും വെട്ടിപ്പ് നടത്തി. പെന്‍ഡ്രൈവ്, മാഗസിന്‍ റാക്ക്, കളിപ്പാട്ടം തൊട്ട് ചവിട്ടി എത്തിച്ചതില്‍ വരെ വലിയ സാമ്പത്തിക ക്രമക്കേട് നടത്തി. വലിയ കണക്കില്‍ ലഭിക്കാവുന്ന ഡിസ്‌കൗണ്ട് വച്ച് അളന്നാല്‍ തട്ടിപ്പിന്‍റെ വ്യാപ്‌തി കൂടും. ഓര്‍ഡറിനു വിപരീതമായി സാധനങ്ങള്‍ എത്തിച്ചിട്ടും ICDS നു പരാതിയില്ല.
ജെം പോര്‍ട്ടല്‍ വഴി എത്തിച്ച സാധനം 10 ദിവസത്തിനകം പരിശോധിച്ചു വിലയിരുത്തണം എന്നാണ് വ്യവസ്ഥ. ഇവിടെ ഒരു പരിശോധനയും നടന്നില്ല. 25000 രൂപക്കു മുകളിലുള്ള ഏതൊരു നേരിട്ടുള്ള വാങ്ങലുകള്‍ നിയമവിരുദ്ധമാണെന്നിരിക്കെ ഈ തട്ടിപ്പിനു ഉദ്യോഗസ്ഥരില്‍ ചിലര്‍ ഒത്താശ ചെയ്‌തു. ഇത്രയധികം രൂപയുടെ ഇടപാടായിട്ടും നിയമപ്രകാരമുള്ള ടെന്‍ഡര്‍ വിളിച്ചില്ല. വകുപ്പ് അനുമതി നല്‍കാത്ത ഇനങ്ങളാണ് ഭുരിഭാഗവും വാങ്ങിയതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമായിട്ടും ആരും ഇടപെട്ടില്ല. ICDS ന്‍റെ ഭാഗത്തു നിന്നു കാര്യമായ ഇടപെടല്‍ ഇല്ലെന്ന് കണ്ടതോടെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പ്രത്യേക സമിതിയെ നിയോഗിച്ചു. തട്ടിപ്പു കണ്ടെത്തി. എന്നിട്ടും അന്വേഷണം പുരോഗമിക്കുകയാണെന്ന മറുപടി മാത്രമാണ് പ്രോഗ്രാം ഓഫിസറുടെ മറുപടി.