TOPICS COVERED

പാലക്കാട് തൃത്താലയിലെ പാലത്തറ– കൊടുമുണ്ട റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടത്തി സസ്‌പെന്‍ഷനിലായ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പി.എം.അബ്‌ദു സലീം മലമ്പുഴയിലെ റോഡിലും ക്രമക്കേട് നടത്തിയെന്ന് ധനകാര്യവകുപ്പ് ‍‍‍ടെക്‌നിക്കല്‍ എക്‌സാമിനറുടെ കണ്ടെത്തല്‍. ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിലേക്ക് നിര്‍മിച്ച 300 മീറ്റര്‍ റോഡിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമന്യുസിനു ലഭിച്ചു. റോഡ് നിര്‍മാണത്തിലെ മികവിനെന്ന് കാണിച്ചു മന്ത്രി എം.ബി.രാജേഷ് ആദരിച്ചയാളാണ് സസ്‌പന്‍റ് ചെയ്യപ്പെട്ട അസിസ്റ്റന്‍റ് എന്‍ജിനീയര്‍.

മലമ്പുഴയിലെ ഫിഷറീസ് ‍ഡപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലേക്ക് നിര്‍മിച്ച ഈ റോഡിലാണ് ഗുരുതര ക്രമക്കേട്. ആനക്കു നടന്നു പോകാനിടയുള്ള റോഡെന്ന് കാണിച്ചു നിര്‍മിച്ച റോഡിലും ധനകാര്യ വകുപ്പ് ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. നേരത്തെ പാലത്തറ കൊടുമുണ്ട റോഡില്‍ ഒരു കോടിക്കു മുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ സസ്‌പെന്‍റ് ചെയ്യപ്പെട്ട പൊന്നാനി ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷനിലെ അസി. എന്‍ജിനീയര്‍ പി.എം അബ്‌ദു സലീമിനു തന്നെയായിരുന്നു ഈ റോഡിന്‍റെയും നിര്‍മാണ ചുമതല.

300 മീറ്റര്‍ റോഡിനു 10 സെന്‍റി മീറ്ററില്‍ താഴേയാണ് കനം. 15 സെന്‍റി മീറ്റര്‍ വേണമെന്നായിരുന്നു വ്യവസ്ഥ. ഫയലില്‍ കൂടുതല്‍ കനം കാണിച്ചെങ്കിലും റോഡില്‍ അതു കണ്ടില്ല. റോഡിന്‍റെ ഇരുവശത്തും പാകിയത് ഗുണനിലവാരമില്ലാത്ത ഇന്‍ര്‍ലോക്കുകള്‍, റോഡിന്‍റെ മുകളിലെ കമ്പി ഉള്‍പ്പെടുന്ന കോണ്‍ഗ്രീറ്റ് പാളിക്കും കനംകുറവ്, കോണ്‍ഗ്രീറ്റ് ബേസ് ലെയര്‍ ചെയ്‌തിട്ടേയില്ല. ടെക്‌നിക്കല്‍ എക്‌സാമിനറുടെ കണ്ടെത്തല്‍ ഇങ്ങനെയൊക്കെയാണ്.

കരാറുകാരന് അമിതത്തുക പാസാക്കി നല്‍കാന്‍ അസി. എന്‍ജിനീയറടക്കം ഇടപെട്ടെന്നാണ് വിവരം. നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തേണ്ട ഉദ്യോഗസ്ഥന്‍ മനഃപൂര്‍വം ക്രമകേടിനു കൂട്ടുനിന്നു. പാലത്തറ – കൊടുമുണ്ട റോഡില്‍ ചെയ്‌ത അതേ ക്രമക്കേട്. വെട്ടിപ്പിനെ സംബന്ധിച്ചുള്ള പരാതിയില്‍ വിജിലന്‍സ് പരിശോധനയും നടക്കുന്നുണ്ട്.

ENGLISH SUMMARY:

Road construction irregularities have been discovered in Malampuzha, involving a suspended assistant engineer. The engineer, already under suspension for a previous scam, is now accused of financial irregularities in a fisheries department road project, raising concerns about corruption and oversight