ഓണക്കാലത്ത് നല്ല ഫോട്ടോയെടുക്കലും റീല്‍സെടുക്കലുമൊക്കെ ഒരു ചടങ്ങായി മാറിയിട്ടുണ്ട്. അതിനു പറ്റിയ ഇടമാണ് പാലക്കാട് കൊല്ലങ്കോട് എന്ന കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായവുമില്ല. കൊല്ലങ്കോട്ടെ താമരപ്പാടത്തേക്കാണ് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്ക്. അവിടെ എന്താണ് ഉള്ളതെന്ന ചോദ്യത്തിനു സ്വര്‍ഗമാണെന്നാണ് മറുപടി.
തലപൊക്കി നില്‍ക്കുന്ന നെല്ലിയാമ്പതി മലനിരകള്‍, അവിടുന്ന് നൂലിഴ പോലെ നിലത്തു പതിക്കുന്ന വെള്ളം, ഇതിനെയൊക്കെ സാക്ഷിയാക്കി നീണ്ടുനിവര്‍ന്നു കിടക്കുന്ന നെല്‍പ്പാടം. ഇതുവരെ പറഞ്ഞത് കൊല്ലങ്കോട്ട് നമ്മള്‍ മുമ്പ് കണ്ട കാഴ്‌ച. ഇനിയാണ് കൂടുതല്‍ കാണാനുള്ളത്
കര്‍ഷകനായ കൊല്ലങ്കോട് സ്വദേശി സനില്‍കുമാര്‍ ഒരുക്കിയ സ്വര്‍ഗമാണിത്. താമരപ്പാടം, സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിനു സമീപം വശ്യമനോഹരമായ ഇടം. 14 ഏക്കറില്‍ നെല്ല് വയലും ഓരം ചേര്‍ന്ന് ചെണ്ടുമല്ലിയടക്കമുള്ള പൂക്കളും പലയിടത്തായി ചെറുകുടിലൊരുക്കിയിട്ടുണ്ട്. ഒത്ത നടുക്കൊരു കൊമ്പനും. കൊല്ലങ്കോടിന്‍റെ തനത് സൗന്ദര്യം അതുപോലെ നിലനിര്‍ത്തിയുള്ള നല്ല ഇടം
മുമ്പ് ചെറിയ രീതിയിലൊക്കെ ഫ്ലവര്‍ഷോ ഒരുക്കിയിരുന്ന സനില്‍ ഇത്തവണ ഏറെ അധ്വാനിച്ചാണ് ഈ തരത്തിലാക്കിയത്. അതിനൊരു കാരണമുണ്ട്. 30 രൂപയാണ് ടിക്കറ്റ്. ഇളംകാറ്റും നല്ല സുഗന്ധവും ആസ്വദിച്ചു കേരളത്തനിമയുള്ള ഫോട്ടോക്കും റീലിനുമായി നൂറുകണക്കിനാളുകളാണെത്തുന്നത്. ജില്ലക്കകത്തു നിന്നും പുറത്തു നിന്നും. എല്ലാവരും ഹാപ്പി. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമങ്ങളില്‍ നാലാമതുള്ള കൊല്ലങ്കോട് കാണാനെത്തുന്നവര്‍ക്ക് ഗ്രാമീണ ഭാഗിക്കൊപ്പം താമരപ്പാടം കൂടി കണ്ടു മടങ്ങാം. മനസു നിറക്കും, മനം നിറയും