പാലക്കാട് കോങ്ങോട്ടുംപാടത്തു സർക്കാർ തുടങ്ങാനിരിക്കുന്ന സാനിറ്ററി ലാൻഡ് ഫില്ലിങ് പദ്ധതിക്കെതിരെ പ്രതിഷേധം. സംസ്കരണശാല മൂലം മലമ്പുഴ ഡാമും, പരിസ്ഥിതിയും മലിനമാകുമെന്നാരോപിച്ചാണ് പൊതുപ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. സ്ഥലം പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തടഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ പുതിയ മാലിന്യ സംസ്കരണ പദ്ധതിയാണ് സാനിറ്ററി ലാൻഡ് ഫില്ലിങ്. ഖരമാലിന്യങ്ങൾ പ്രത്യേക രീതിയിൽ മണ്ണിൽ സംസ്കരിക്കലാണ് ഉദ്ദേശം. മലമ്പുഴയിൽ ഇമേജിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ 33.5 ഏക്കർ സ്ഥലത്താണ് പദ്ധതി തുടങ്ങാനിരിക്കുന്നത്.
ഒരു മുന്നറിയിപ്പും ഇല്ലാതെ അതീവ രഹസ്യമായാണ് സർക്കാർ നീക്കമെന്നും പദ്ധതി പരിസ്ഥിതിക്ക് വലിയ വിനാശമുണ്ടാക്കുമെന്നും ആരോപിച്ചു കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായെത്തിയ റവന്യു ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. കനത്ത പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയാൽ പ്രതിഷേധം കടുടിപ്പിക്കാനാണ് ഇരുകൂട്ടരുടേയും തീരുമാനം.