സ്കൂളിൽ കയറുന്ന പാമ്പുകളെ പിടികുടാൻ അധ്യാപകർക്ക് പരിശീലനം കൊടുക്കുന്ന ഈ കാലത്ത് പുലിയേയും പാമ്പിനെയും ഭയക്കുന്നൊരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട് പാലക്കാട് അട്ടപ്പാടിയിൽ. നിരവധി കുട്ടികളെത്തുന്ന അഗളിയിലെ അംഗൻവാടിക്ക് ചുറ്റും കാടുവളർന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
പുതിയ നല്ല കെട്ടിടം. 10 കുട്ടികളും വർക്കറും ഹെൽപറുമുണ്ട് ഇവിടെ. അഗളി ടൗണിലാണെങ്കിലും അംഗൻവാടിക്കു ചുറ്റും കാടു വളർന്നിട്ടുണ്ട്. പ്രദേശത്തോട് ചേർന്ന് മുമ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്. കാടുപൊങ്ങിയതോടെ ഏതു സമയത്തും പുലിയെത്തുമെന്ന ഭീതിയിലാണ് എല്ലാവരും. കാട്ടുപന്നിയും പാമ്പും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതിനാൽ അങ്ങനെയും ഭീതിയുണ്ട്
നേരത്തെ തൊട്ടടുത്തെ എൽ.പി സ്കൂളിനോട് ചേർന്ന് പുലിയെ കണ്ടതിനു പിന്നാലെ വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. കാടുവളർന്നതിനാൽ തങ്ങൾ ഭീതിയിലാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പ്രധാന റോഡരികിലെ അങ്കണവാടിയായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. പരിസരത്തെ കാടും ചെടികളും നീക്കി, മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി അങ്കണവാടിക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.