പാലക്കാട് കാഞ്ഞിരപ്പുഴയിൽ കുടിയന്മാരുടെ ദുരിതം തീർക്കാൻ വിദേശമദ്യശാല തുറക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധത്തിലാണ് ഒരുകൂട്ടമാളുകൾ. നാടിനെ നശിപ്പിക്കുന്ന മദ്യക്കച്ചവടം അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് കുപ്പിക്കു വേണ്ടിയുള്ള ഇക്കൂട്ടരുടെ പ്രതിഷേധം.
തൊണ്ട പൊട്ടി ഈ പറയുന്നത് ഏതെങ്കിലും ആശുപത്രിക്കു വേണ്ടിയോ സ്കൂളിനു വേണ്ടിയോ ആണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. കാഞ്ഞിരപ്പുഴയിൽ ഒരു വിദേശമദ്യശാല വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ആദ്യമൊക്കെ പറച്ചിൽ മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ച് പ്രതിഷേധം വരെ സംഘടിപ്പിച്ചു, മദ്യഷാപ്പു തുറക്കുക മദ്യപാനികളുടെ ദുരിതം തീർക്കുക എന്ന പോസ്റ്ററും പതിച്ചു.
കാഞ്ഞിരപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മദ്യശാല ലീസ് കാലാവധി തീർന്നതോടെ മെയ് മാസത്തിലാണ് പൂട്ടിയത്. തുടർന്ന് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ തുറക്കാനിരിക്കെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു, വേപ്പിൻചോട് ചെട്ടിപ്പള്ളിയാലിലേക്ക് നീക്കം നടത്തിയെങ്കിലും നാടിന്‍റെ സമാധാനം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെ അതും പറ്റാത്തതയായി/ ദാഹനീരിന് വേണ്ടിയെന്ന് തോന്നും വിധം ടീം മദ്യപാനി ഓട്ടത്തിലാണ്. പ്രതിരോധിക്കാൻ നാട്ടുകാരും. ഇരുകൂട്ടരും അപ്പുറവും ഇപ്പുറവും നിന്ന് പ്രതിഷേധം തുടരുന്നുണ്ട്. രണ്ടു കൂട്ടർക്കും കാര്യം വൈകാരികവുമാണ്.