ഒരു പൂജ്യം വരുത്തി വച്ച വിനയിൽ പൊറ്റശ്ശേരി സ്വദേശി വിസ്മയയുടെ ഭാവിതന്നെ തുലാസില്‍. വരുമാനം 66,000 എന്നത് അപേക്ഷ നൽകുമ്പോൾ 6,60,000 എന്ന് ആയതോടെയാണ് സംവരണം അടക്കമുള്ള ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയിലായത്.
SSLC ക്ക് ഫുൾ എപ്ലസ്, പ്ലസ് ടു വിൽ 89 % മാർക്ക്. ഭാവി സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നതിനിടെയാണ് വിസ്മയക്കു ഒരു പൂജ്യം വില്ലനായത്. എൽ.ബി.എസ് സെൻ്ററിലേക്കു നഴ്സിങ് പ്രവേശനത്തിനു ജൂൺ ആദ്യവാരമായിരുന്നു അപേക്ഷ നൽകാനുള്ള അവസാന തിയതി. അപേക്ഷയോടൊപ്പം വില്ലേജിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റു വേണം. വില്ലേജിൽ നിന്ന് 66000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പ്രകാരം ഓൺലൈൻ മുഖേന സ്വകാര്യ സെൻറർവഴി അപേക്ഷ നൽകിയെങ്കിലും വരുമാനത്തിൽ ഒരു പൂജ്യം കൂടി, 6,60,000 രൂപയായി. ഒറ്റയടിക്ക് ലക്ഷങ്ങളുടെ വർധന.
ഇതോടെ വിദ്യർഥിക്ക് സംവരണ ആനുകൂല്യവും ഫീസ് ഇളവും നഷ്ടപ്പെടുമെന്നായി. അടുത്ത മാസം ഒന്നിനു സർക്കാർ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നതിനാൽ ഇനി തിരുത്താൻ പറ്റാത്ത സ്ഥിതി. ഇതോടെ നഴ്സിങ് പഠനം തുലാസിലായി. അപേക്ഷയിൽ വരുമാനം രേഖപ്പെടുത്തിയതിൽ തെറ്റു പറ്റിയെന്ന് സമ്മതിച്ച സെൻ്ററുകാരൻ അപേക്ഷയുടെ പ്രിൻ്റ് എടുത്തു അവർക്കു നൽകിയിരുന്നെന്നും അത് അവർ കൃത്യമായി നോക്കിയിരുന്നെങ്കിൽ നേരത്തെ തിരുത്താമായിരുന്നെന്നുമാണ് പറഞ്ഞത്. കെട്ട് പോയ സ്വപ്‌നങ്ങൾക്കെന്തെങ്കിലും സാധ്യതയുണ്ടോയെന്ന് കണ്ണീരോടെ നോക്കുന്നുണ്ട് വിസ്മയ.