TOPICS COVERED

സിപിഎം ജില്ലാ നേതൃത്വവും എം.എല്‍.എയും ആവശ്യപ്പെട്ടിട്ടും പാലക്കാട് വാളയാറില്‍ നിന്നു എച്ച്.ഐ.വി പരിശോധന കേന്ദ്രം മാറ്റാനുള്ള ആരോഗ്യവകുപ്പിന്‍റെ തീരുമാനം തിരുത്തിയില്ല. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം ആലത്തൂരിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നേതൃത്വം ആരോഗ്യവകുപ്പിനോട്  അമര്‍ഷവും അറിയിച്ചു.

15 വര്‍ഷമായി വാളയാറില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചു വരുന്ന പരിശോധന കേന്ദ്രമാണിത്. സംസ്ഥാന അതിര്‍ത്തി കൂടിയായ മേഖലയിലെ ഈ കേന്ദ്രത്തില്‍ നിന്നു പ്രതിവര്‍ഷം ശരാശരി 13 എച്ച് ഐ വി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നതും ഇവിടെയായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ പരിശോധന കേന്ദ്രം ആലത്തൂരിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് സ്ഥലം എം.എല്‍.എ എ പ്രഭാകരനും വികെ ശ്രീകണ്‌ഠന്‍ എം.പിയും സിപിഎം നേതൃത്വവും മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കേന്ദ്രം മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച സിപിഎം ആരോഗ്യവകുപ്പിനോട് കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ട്

പരിശോധന കേന്ദ്രത്തിലെ ജീവനക്കാരെ നേരത്തെ തന്നെ മാറ്റിയിരുന്നു. വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ സജീവ ചര്‍ച്ചയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ തീരുമാനത്തിനെതിരെ രാഷ്‌ട്രീയപരമായും നിയമപരമായും നീങ്ങാനാണ് ധാരണ. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഒരുദിവസം നേരിട്ട് പരിശോധനക്കു എത്തുകയോ വര്‍ഷത്തില്‍ 12 ലധികം എച്ച്.ഐ. വി പോസിറ്റീവായി ആളുകയോ കണ്ടെത്തുകയോ ചെയ്യുകയാണെങ്കില്‍ കേന്ദ്രം ആശുപത്രി പരിസരത്തല്ലാതെയും പ്രവര്‍ത്തിപ്പിക്കാമെന്നതാണ് വ്യവസ്ഥ. എന്നിട്ടും വാളയാറിലെ കേന്ദ്രം മാറ്റുന്നത് അട്ടിമറിയുടെ ഭാഗമാണെന്നാണ് ആരോപണം. 

ENGLISH SUMMARY:

Despite requests from the CPM district leadership and the MLA, the Health Department has not reversed its decision to shift the HIV testing center from Walayar in Palakkad. The government plans to relocate the center, which has been functioning for years, to Alathur. The party leadership has expressed strong displeasure and urged the Health Department to withdraw the move