palathara-rajesh

നിർമാണം പൂർത്തിയായി രണ്ടു മാസത്തിനകം വിള്ളൽ വീണ പാലക്കാട്‌ തൃത്താല പാലത്തറ റോഡിന്‍റെ തകർച്ചയിൽ ക്രമക്കേടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. റോഡ് തകർന്ന ഭാഗത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ പ്രതികരണം. റോഡ് നിർമ്മാണത്തിലെ ക്രമക്കേടും റോഡ് നിർമിച്ചു രണ്ട് മാസത്തിനകം തകർന്നതും മനോരമന്യൂസാണ് പുറത്തുവിട്ടത്. 

മൂന്നുകിലോമീറ്റർ റോഡ് നിർമാണത്തിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് ചീഫ് ടെക്നിക്കൽ എക്സാമിനർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പു മനോരമന്യൂസ് നേരത്തെ പുറത്തുവിട്ടതാണ്. റോഡ് നിർമിച്ച വേഗത്തിൽ തകർന്നതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ റോഡ് തകർന്ന ഭാഗം കഴിഞ്ഞദിവസം സന്ദർശിച്ച മന്ത്രി എം.ബി രാജേഷ് ആരോപണങ്ങളെ പൂർണ്ണമായി തള്ളി. മീറ്ററുകളോളം ഉയരത്തിൽ മണ്ണിട്ട് പൊക്കിയ ഭാഗത്താണ് റോഡ് നിർമിച്ചതെന്നും കനത്ത മഴയിൽ വലിയ തോതിൽ വെള്ളമിറങ്ങിയതാണ് റോഡ് തകർച്ചക്ക് കാരണമെന്നാണ് മന്ത്രിയുടെയും പൊതുമരാമത്ത് - ഹാർബർ ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

ഉയർന്നുവന്ന ആരോപണങ്ങൾ ശരിയല്ലെന്നും തീരദേശ ഫണ്ട് മണ്ഡലത്തിൽ എത്തിയപ്പോൾ തന്നെ ചിലർ വിവാദം ഉണ്ടാക്കിയതാണെന്നും മന്ത്രി.എന്നാൽ റോഡ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ 20 ദിവസത്തിനകം നടപടിയെടുക്കണമെന്നു കാണിച്ചു ചീഫ് ടെക്നിക്കൽ എക്സാമിനർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിനെ സംബന്ധിച്ചു മന്ത്രി പ്രതിപാദിച്ചില്ല. ഉദ്യോഗസ്ഥരെ സംരക്ഷിച്ചു വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നാണ് കോൺഗ്രസ്‌ ആരോപണം.

ENGLISH SUMMARY:

Minister M.B. Rajesh has stated that there were no irregularities in the collapse of the Thrithala-Palathara road in Palakkad, which developed cracks within just two months of completion. His response came after visiting the damaged site; notably, he is also the MLA of the area. It was Manorama News that first exposed both the construction flaws and the rapid deterioration of the newly built road