TOPICS COVERED

പാലക്കാട്‌ ഒറ്റപ്പാലം പനമണ്ണയിൽ ഭവന നിർമാണ പദ്ധതിക്ക് അപേക്ഷ നൽകി കാത്തിരുന്ന കുടുംബത്തിന്‍റെ വീട് മഴയിൽ പൂർണമായി തകർന്നു. തലയിൽ ശസ്ത്രക്രിയ പൂർത്തിയായി ചികിത്സയിൽ കഴിയുന്ന പനമണ്ണ ചക്യാവിൽ ഉഷയുടെ വീടാണ് തകർന്നത്. വീട് ശോചനീയാവസ്ഥയിലായതിനെ തുടർന്ന് താമസം ഷെഡിലേക്കു മാറ്റിയിരുന്നതിനാൽ ആളപായം ഒഴിവായി. 

ഉഷയും മകൻ രാമചന്ദ്രനും ജീവിക്കുന്ന കൊച്ചു വീട് കനത്ത മഴയിൽ പൂർണമായും തകർന്നു. മൺചുമരുകളും മേൽക്കൂരയുമെല്ലാം നിലംപൊത്തി. സാധനസാമഗ്രികളെല്ലാം നശിച്ചു. സർക്കാരിന്‍റെ ഭവന നിർമാണ പദ്ധതികളുടെ ആനുകൂല്യത്തിനായി പല വട്ടം അനങ്ങനടി പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും  ഫലമുണ്ടായില്ലെന്നാണ് പരാതി. 

വീട്ടിൽ താമസിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ 3 മാസം മുൻപ്  ഷെഡിലേക്ക് താമസം മാറിയിരുന്നു. വീട് വീണതോടെ ഷെഡിലെ താമസവും പ്രതിസന്ധിയിലായി. വീട്ടിൽ നിന്നാണു ഷെഡിലേക്കു വൈദ്യുതി എത്തിച്ചിരുന്നത്. ഇനി അതും നടക്കില്ല. വീടിനോടു ചേർന്ന ശുചിമുറികൾ കൂടി തകർന്നതോടെ പ്രതിസന്ധി ഇരട്ടിയാണ്. അതേസമയം, കുടുംബം പഞ്ചായത്തിന്‍റെ പിഎംഎവൈ ഗുണഭോക്തൃ പട്ടികയിൽ ഉണ്ടെന്നും കരാർ ഉറപ്പിക്കുന്ന നടപടി മാത്രമാണ് അവശേഷിക്കുന്നതെന്നുമാണ് അധികൃതർ അറിയിച്ചത്.