കാടിറങ്ങിയ രണ്ട് കാട്ടാനകൾ ജനവാസ മേഖലയിൽ തുടരുന്നതിനാൽ പാലക്കാട് നെല്ലിയാമ്പതിയിൽ ജാഗ്രത നി൪ദേശം .നെല്ലിയാമ്പതിയിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് പ്രദേശത്തെ വിനോദ സഞ്ചാരികൾക്കും തോട്ടം തൊഴിലാളികൾക്കും വനംവകുപ്പ് നി൪ദേശം നൽകി.
രണ്ടു ദിവസം മുമ്പാണ് രണ്ട് ആനകൾ കാടിറങ്ങിയത്. വീടുതകർത്തും മറ്റും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. വനപാലകർ എത്തി ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സീതാ൪ഗുണ്ട് പോബ്സ് എസ്റ്റേറ്റിൽ ആനകൾ നിലയുറപ്പിച്ചു. പടക്കം എറിഞ്ഞിട്ടും മറ്റും പതിനട്ട് അടവ് പയറ്റിയിട്ടും ആന അവിടെ തന്നെ നിന്നു. ഇതോടെയാണ് വനപാലകർ ജാഗ്രത നിർദേശം നൽകിയത്.
ഞായറാഴ്ചയായതിനാൽ വിനോദസഞ്ചാരികൾ കൂടുതലെത്താനിടയുണ്ട്. അനാവശ്യ യാത്ര ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. കോടയും മഴയും തുടരുന്നതിനാൽ ആനയുടെ സാന്നിധ്യം തിരിച്ചറിയാനാവില്ലെന്നും പ്രദേശവാസികളും തോട്ടം തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പാടി പരിസരത്തെ പ്ലാവിലെ ചക്കകൾ നീക്കം ചെയ്യാൻ പ്രദേശവാസികൾക്ക് നി൪ദേശം നൽകി. മേഖലയിൽ മുഴുവൻ സമയ നിരീക്ഷണത്തിനായി RRT സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആനകളെ തുരത്തുന്ന ദൗത്യം തുടരുമെന്നാണ് അറിയിച്ചത്.